ടി. ഷാഹുല്‍ ഹമീദ്
കുടിവെള്ളം കിട്ടാക്കനിയാകുന്ന ലോകത്താണ് മറ്റൊരു ജലദിനം കടന്നുവരുന്നത്. ലോകത്ത് 1.386 ബില്യണ്‍ ക്യുബിക്ക് കിലോമീറ്റര്‍ വെള്ളം ഉണ്ട്. അതില്‍ 97 ശതമാനവും സമുദ്രത്തിലാണ്. രണ്ടു ശതമാനം മഞ്ഞുമലകള്‍ ഒരു ശതമാനം മാത്രം ശുദ്ധജലം വിവിധ രൂപത്തില്‍ ഉണ്ട്. ഭൂഗര്‍ഭ അറകളില്‍ 30.1 ശതമാനവും ഭൂമിയുടെ ഉപരിതലത്തില്‍ 0.3 ശതമാനം ശുദ്ധജലം ഉണ്ട്. നിലവിലുള്ള ശുദ്ധജലത്തിന്റെ 70 ശതമാനം കൃഷിക്കും 22 ശതമാനം വ്യവസായത്തിനും 8 ശതമാനം വീട്ടാവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. നൂറ് കൊല്ലം മുമ്പ് ഉപയോഗിച്ചതിന്റെ ആറിരട്ടി വെള്ളമാണ് ഇപ്പോള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത്. ജലമുണ്ടെങ്കിലെ രാജ്യങ്ങള്‍ക്ക് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളൂ. പകരം വെക്കാനില്ലാത്ത ഒരു പ്രത്യേക വിഭവമാണ് വെള്ളം. പ്രകൃതിയിലുള്ള മറ്റു വിഭവങ്ങള്‍പോലെ തന്നെ വെള്ളത്തിന്റെ മൂല്യം തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. ആഫ്രിക്കയിലെ ഏറ്റവും വലിയ ആകര്‍ഷകമായ വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നയാഗ്രയേക്കാള്‍ ഇരട്ടി ഉയരമുള്ള അത്ഭുതമാണ് അസ്തമിക്കാന്‍ പോകുന്നത്. അതി രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക) ബംഗ്ലൂര്‍ പോലുള്ള പട്ടണങ്ങള്‍ നേരിടുന്നത്. അമിത ഉപയോഗത്താലും ഉപഭോഗത്വാരയായുള്ള മാലിന്യങ്ങളില്‍ വറ്റിവരണ്ട് ഉണങ്ങുകയാണ് ജലസ്രോതസുകള്‍. വെള്ളത്തിന്റെ മഹത്തായ അനുഗ്രഹം മനുഷ്യന്റെ ആര്‍ത്തിമൂലം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂമിയെ ഉര്‍വരയാകുന്ന ജലസ്രോതസുകള്‍ മണ്ണിനോട് ചേരാത്ത ഉത്പന്നങ്ങളുടെ ആധിക്യം കാരണം പ്രയാസത്തിലാണ്. ലോകത്ത് പത്തില്‍ എട്ടു പേര്‍ക്കും ജലം ആവശ്യാനുസരണം ലഭിക്കുന്നില്ല. ലോകജനസംഖ്യയില്‍ 110 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ല. ലോകത്ത് ശുദ്ധജലക്ഷാമം അതിരൂക്ഷമായ 10 രാജ്യങ്ങളും ഏഷ്യയിലാണ്. 2030 ല്‍ നേടിയെടുക്കാന്‍ ഐക്യരാഷ്ട്ര സഭ ലക്ഷ്യമിട്ട പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഏവര്‍ക്കും ശുദ്ധജലം ശുചിത്വ പൂര്‍ണമായ ജീവിതം. ഇതുരണ്ടും നേടിയെടുക്കണമെങ്കില്‍ വലിയ കടമ്പകള്‍ തന്നെ രാജ്യങ്ങള്‍ കടക്കേണ്ടതായിട്ടുണ്ട്.
ഈ വര്‍ഷത്തെ സന്ദേശം ഭൂഗര്‍ഭജലത്തെ കുറിച്ചാണ്. കാണാന്‍ കഴിയാത്ത രീതിയില്‍ കാണാവുന്ന ഭൂഗര്‍ഭജലത്തെ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ജലദിന സന്ദേശം. ലോകത്തെ ഏറ്റവും വലിയ ശുദ്ധജലസ്രോതസായ ഭൂഗര്‍ഭജലം സംരക്ഷിക്കണമെന്ന ആഹ്വാനം കാലികമാണ്. ലോകത്തെ കുടിവെള്ളത്തിന്റെ 50 ശതമാന വും ഭൂഗര്‍ഭ ജലത്തില്‍ നിന്നാണ് ലഭിക്കുന്നത്. ജനങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും വലിയ സമ്മര്‍ദ്ദമാണ് ഭൂഗര്‍ഭ ജലസ്രോതസുകളില്‍ ഉണ്ടാക്കുന്നത.് വെള്ളത്തിന്റെ ആവശ്യം 50 ശതമാനം വര്‍ധിക്കുമ്പോള്‍ ഭൂഗര്‍ഭജലം 30 ശതമാനം കുറഞ്ഞുവരുന്നു. നിലവില്‍ ഉപയോഗം 19 ശതമാനം വര്‍ധിച്ചു.
ലോകത്തിന്റെ ഭൂവിസ്തൃതിയില്‍ 2.45 ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ലോകത്തിലെ ശുദ്ധജലത്തിന്റെ നാല് ശതമാനം മാത്രമാണ് ഉള്ളത്. ഇത് ലോകജനസംഖ്യയുടെ 18 ശതമാനം വരുന്ന ജനങ്ങളും 15 ശതമാനം വരുന്ന കന്നുകാലികളും ഉപയോഗിക്കുന്നു. 10360 നദികളുള്ള ഇന്ത്യയില്‍ 1592 ബ്ലോക്കുകളിലും 256 ജില്ലകളിലും കടുത്ത ശുദ്ധജലക്ഷാമം അനുഭവിക്കുന്നു. ഇന്ത്യയിലെ 820 ദശലക്ഷം ജനങ്ങളും 12 പ്രമുഖ നദീതീരങ്ങളിലാണ് വസിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 82 ശതമാനം ഗ്രാമീണര്‍ക്കും ഇന്ത്യയില്‍ കുടിവെള്ളത്തിന് പൈപ്പ് കണക്ഷനില്ല. 70 ശതമാനം ഉപരിതല വെള്ളവും മലിനമാണ്. 163 ദശലക്ഷം ജനങ്ങള്‍ക്ക് ഇന്ത്യയില്‍ വീടിനടുത്ത് ശുദ്ധജലമില്ല. 1951ല്‍ ഇന്ത്യയില്‍ വ്യക്തികള്‍ക്ക് 5177 ക്യുബിക്ക് മീറ്റര്‍ ശുദ്ധജലം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 1545 ക്യുബിക്ക് മീറ്ററും 2050ല്‍ ഇത് 1140 ക്യുബിക്ക് മീറ്ററായും കുറയും. ഇന്ത്യയില്‍ 1999 ബില്യണ്‍ ക്യുബിക്ക് മീറ്റര്‍ വെള്ളം വര്‍ഷത്തില്‍ ലഭിക്കുന്നു. 80 മുതല്‍ 95 ശതമാനം ലഭിക്കുന്നത് മഴക്കാല മാസങ്ങളിലാണ്. ജല ഗുണനിലവാര സൂചികയില്‍ 122 രാജ്യങ്ങളില്‍ 120ാം സ്ഥാനമാണ് ഇന്ത്യക്ക്. ജലലഭ്യത സൂചികയില്‍ 188 രാജ്യങ്ങളില്‍ 133 ാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ലോകത്ത് ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പത്ത് ദുരന്തങ്ങളില്‍ ഒന്‍പത് എണ്ണവും വെള്ളവുമായി ബന്ധപ്പെട്ടതാണ്. 7500 കിലോമീറ്റര്‍ കടല്‍ത്തീരത്ത് 2 മുതല്‍ 3 മില്ലിമീറ്റര്‍ വരെ കടല്‍ കരയെ കാര്‍ന്ന്തിന്ന്‌കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ 5745 ഡാമുകള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തുവാന്‍ ഇത് പര്യാപ്തമല്ല. 2012 ല്‍ ദേശീയ ജലനയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നതും 2019 ല്‍ ആരംഭിച്ച ജലശക്തി അഭിയാന്‍ പദ്ധതിയും ജല്‍ ജീവന്‍ മിഷനും പ്രതീക്ഷ നല്‍കുന്നു.
ലോകത്തെ വ്യാവസായിക ആവശ്യത്തിന് പുറത്തുവിടുന്ന 80 ശതമാനം മലിനജലവും നഗരപ്രദേശങ്ങളില്‍നിന്നും പുറത്തുവിടുന്ന മലിനജലവും യാതൊരു മുന്‍കരുതലും ഇല്ലാതെയാണ് പുറത്തേക്ക് വിടുന്നത്. വിവിധ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മലിനജലത്തെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജൈവാംശം വിഘടിച്ച് അതില്‍നിന്നും വിവിധ തരത്തിലുള്ള വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. മീഥൈന്‍ മുഖ്യ ഘടകമായ ബയോഗ്യാസ് വലിയ രീതിയില്‍ അന്തരീക്ഷത്തില്‍ പടരും. ലവണാംശം കലര്‍ന്നിട്ടില്ലാത്ത ജലം അന്യമായി കൊണ്ടിരിക്കുന്നു. കുപ്പിവെള്ളം സര്‍വവ്യാപിയായിരിക്കുന്നു സൗകര്യങ്ങളില്ലാത്ത പാവങ്ങള്‍ അശുദ്ധിയുള്ള ജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നു.