കോഴിക്കോട്: കോതിയിലെയും ആവിക്കല്‍ തോടിലെയും മലിനജല പ്ലാന്റുകളുടെ നിര്‍മാണം തുടരാനൊരുങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍. പ്ലാന്റുകളുടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാനും നിര്‍മാണ കാലാവധി നീട്ടിച്ചോദിക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മാലിന്യ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതോടെ നിര്‍മാണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിര്‍മാണം മുടങ്ങിയ കരാര്‍ കമ്പനിക്കാര്‍ നിര്‍മാണ കാലാവധി നീട്ടുക, എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷനെ അറിയിച്ചു. ഇത് പരിഗണിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ആവിക്കല്‍ പ്ലാന്റിന്റെ വിശദമായ പദ്ധതി രേഖ രണ്ടുദിവസത്തിനകം ലഭിക്കുമെന്ന് മേയര്‍ രേഖ ഫിലിപ്പ് പറഞ്ഞു. പുതുക്കിയ പദ്ധതി രേഖ കിട്ടിയാലുടന്‍ പ്ലാന്റിന്റെ നിര്‍മാണം തുടരാനാണ് കോര്‍പ്പറേഷന്‍ തീരുമാനം.