തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് നടത്തുന്നത്.
ഓട്ടോറിക്ഷ-ടാക്‌സി നിരക്കുകള്‍ ശാസ്ത്രീയവും കാലോചിതവുമായി പുനര്‍നിര്‍ണ്ണയം ചെയ്യുക. ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്‌സ് അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക. വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച ആര്‍.ടി.ഒ. ഓഫീസ്ഫീസുകള്‍ ഒഴിവാക്കുക. ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെട്രോളജി വകുപ്പ് സീലിംങ്ങിന് ഒരുദിവസം തെറ്റിയാല്‍ 2000 രൂപ പിഴയീടാക്കുന്ന നടപടി പിന്‍വലിക്കുക. മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍ വാഹന തൊഴിലാളികളേയും ഉള്‍പ്പെടുത്തുകയും അവകാശാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടെംബോ, ട്രാവലറുകള്‍, ഗുഡ്‌സ് ഓട്ടോറിക്ഷ, ജീപ്പുകള്‍ തുടങ്ങിയ ചെറുകിട വാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ അഡ്വ.ഇ.നാരായന്‍ നായര്‍ (ചെയര്‍മാന്‍) കെ.വി.ഹരിദാസ് (കണ്‍വീനര്‍) വി.എ.കെ.തങ്ങള്‍ (എസ്.ടി.യു) കെ.എസ്.സുനില്‍കുമാര്‍ (സി.ഐ.ടി.യു.),ഡി.സജി (എ.ഐ.ടി.യു.സി), മനോജ് ഗോപി (എച്ച്.എം.എസ്), കവടിയാര്‍ ധര്‍മ്മന്‍ (കെ.ടി.യു.സി), ടി.സി.വിജയന്‍ (യു.ടി.യു.സി), സലീം ബാബു (ടി.യു.സി.ഐ) മനോജ് പെരിമ്പിള്ളി (ജെ.ടി.യു)എന്നിവര്‍ അറിയിച്ചു.