X

500 രൂപ ഓട്ടോക്കൂലിക്ക് പകരമായി യാത്രക്കാരന്‍ നല്‍കിയത് രണ്ട് പവന്റെ സ്വര്‍ണമാല !

തൃശൂര്‍: ഓട്ടോക്കൂലി ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ കൊടുത്തത് സ്വര്‍ണമാല. മുക്കുപണ്ടമാണെന്നുറപ്പിച്ച് ഡ്രൈവര്‍ സ്വര്‍ണക്കടയില്‍ കൊടുത്തു പരിശോധിച്ചപ്പോള്‍ സംഗതി സ്വര്‍ണം തന്നെ. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം 2 പവന്‍!. പോരാത്തതിന് ഒരു മൊബൈല്‍ ഫോണും. ഓട്ടോക്കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു പറഞ്ഞാണ് കക്ഷി പോയത്. വന്നാല്‍ തിരിച്ചു കൊടുക്കാന്‍ മാലയും മൊബൈലുമായി നടക്കുകയാണ് ഓട്ടോ ഡ്രൈവര്‍ രേവത്.

നഗരത്തില്‍ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നല്‍കാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു.

ഈ അനുഭവം പറഞ്ഞ് അയാളോടു പണം തരാതെ പോകരുതെന്ന് അഭ്യര്‍ഥിച്ചു. അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു. സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇത് ഓട്ടോക്കാരനു കൊടുക്കാമെന്നു യാത്രക്കാരന്‍ പറഞ്ഞു. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ യാത്രക്കാരന്റെ മൊബൈലില്‍ നിന്നു ബന്ധുവിന്റെ നമ്പര്‍ എടുത്തു ടെംപിള്‍ പൊലീസ് വിളിച്ചു.

ഇയാള്‍ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണു പതിവെന്നും പറഞ്ഞ വീട്ടുകാര്‍ മുക്കുപണ്ടമാകാനാണു സാധ്യതയെന്നും പറഞ്ഞു. അമ്പലം കമ്മിറ്റിക്കാര്‍ രേവതിന്റെ അവസ്ഥ കണ്ട് ഡീസല്‍ കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും രേവതിന്റെ ഓട്ടോയില്‍ കയറി. തൃശൂരില്‍ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ഇറങ്ങി. കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു.

മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോള്‍ മൊബൈല്‍ ഫോണും. കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നു വാക്കു പറഞ്ഞു. രണ്ടുദിവസമായിട്ടും പൈസ തരാന്‍ അയാള്‍ എത്താതായപ്പോള്‍ രേവത് ഒരു കൗതുകത്തിന് സുഹൃത്തിന്റെ സ്വര്‍ണക്കടയില്‍ മാല കൊണ്ടുചെന്നു. ഉരച്ചു നോക്കിയപ്പോള്‍ സ്വര്‍ണം. 2 പവന്‍ തൂക്കം! നേരിയ മനോവൈകല്യമുള്ളവരെപ്പോലെയാണ് അയാള്‍ പെരുമാറിയതെന്ന് ടെംപിള്‍ പൊലീസ് പറയുന്നു.

 

Test User: