ഭോപ്പാല്‍: രണ്ടാംഘട്ട കോവിഡ് തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഒപ്പം ഓക്‌സിജന്‍ ക്ഷാമവുമുണ്ട്. പലയിടങ്ങളിലും ആംബുലന്‍സ് സേവനം പോലുമില്ല. ഈ ദയനീയ അവസ്ഥ മനസിലാക്കി സ്വന്തം ജീവനോപാധിയായ ഓട്ടോറിക്ഷ ആംബുലന്‍സ് ആക്കി മാറ്റിയിരിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ജാവേദ് ഖാന്‍ ആണ് ഓട്ടോ ആംബുലന്‍സ് ആക്കി മാറ്റിയ ആ മനുഷ്യസ്‌നേഹി.
സൗജന്യമായാണ് ജാവേദ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ആംബുലന്‍സ് കിട്ടാതെ രോഗികള്‍ അലയുന്ന ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരുതീരുമാനമെടുത്തതെന്ന് ജാവേദ് പറയുന്നു. ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റാണ് ഓട്ടോറിക്ഷ ആംബുലന്‍സാക്കി മാറ്റുന്നതിന് പണം കണ്ടെത്തിയത്. ഓക്‌സിജന്‍ റീഫില്ലിങ് കേന്ദ്രത്തില്‍ നിന്ന് ഒരു സിലിണ്ടര്‍ ഓക്‌സിജന്‍ സംഘടിപ്പിച്ചു. പിപിഇ കിറ്റ്, സാനിറ്റൈസര്‍, കുറച്ച് മരുന്നുകള്‍ എന്നിവയെല്ലാം ആംബുലന്‍സില്‍ കരുതിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടാനുള്ള നമ്പറും പങ്കുവെച്ചു. ആംബുലന്‍സ് സേവനം ലഭിക്കാതെ വന്നാല്‍ ആര്‍ക്കും തന്നെ വിളിക്കാം. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഈ സേവനം ചെയ്യുന്നു. ഗുരുതരാവസ്ഥയിലായ കുറേ രോഗികളെ ഇതിനകം കൃത്യസമയത്ത് ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിക്കാനായെന്ന് ജാവേദ് പറഞ്ഞു.