കണ്ണൂർ: സി.പി.എമ്മിന് കടുത്ത ഭീഷണിയുയര്‍ത്തി ദലിത് പോരാട്ടങ്ങളിൽ ശ്രദ്ധേയയായ ഓട്ടോഡ്രൈവർ ചിത്രലേഖ (48) നിര്യാതയായി. പുലർച്ചെ മൂന്നോടെ കണ്ണൂർ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാസ് കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കനത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ ഒമ്പതിന് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും. ശ്രീഷ്കാന്താണ് ഭര്‍ത്താവ്. മക്കൾ: മനു, ലേഖ.
പയ്യന്നൂർ സ്വദേശിനിയായ ചിത്രലേഖ, സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ഏതാനും വർഷങ്ങളായി കണ്ണൂർ കാട്ടാമ്പള്ളിയിലാണ് താമസം. ഇവിടെ പുതിയ വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് കഴിഞ്ഞ വർഷം ആഗസ്റ്റ് 25ന് പുലർച്ചെയാണ് തീയിട്ടത്. സി.പി.എമ്മുകാരാണ് തീയിട്ടതെന്നായിരുന്നു ആരോപിച്ചത്. കേസും പ്രതിഷേധവുമായി മാസങ്ങളോളം കഴിഞ്ഞു വരുന്നതിനിടെ സന്നദ്ധ സംഘടനയുടെ സഹായം വഴി ഓട്ടോറിക്ഷ ലഭിച്ചു. വീണ്ടും നിരത്തിലിറങ്ങി ആഴ്ചകൾക്കകമാണ് രോഗം ബാധിച്ച് തുടങ്ങിയത്.
2002ൽ തീയ സമുദായത്തിൽപെട്ട ശ്രീഷ്കാന്തിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് ജാതി വിവേചനത്തിനും പീഡനത്തിനും ചിത്രലേഖ ഇരയായത്. നഴ്സായിരുന്ന ഇവർ ആ ജോലി വിട്ട് ഭർത്താവിനൊപ്പം ഓട്ടോറിക്ഷ ഡ്രൈവറാവാൻ തീരുമാനിച്ചു. വിവാഹശേഷം വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുമായി പയ്യന്നൂരിനടുത്ത് എടാട്ട് ഓട്ടോ സ്റ്റാന്റിലെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെവെച്ച് ജാതീയമായി അധിക്ഷേപം നേരിട്ടു. പിന്നീട് ഓട്ടോറിക്ഷക്കു നേരെ ആക്രമണമായി. 2005 ഡിസംബർ 30ന് ഓട്ടോറിക്ഷ കത്തിച്ചു. അന്ന് മുതൽ സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.