X

അധികാരമോ നോ നോ- എഡിറ്റോറിയല്‍

കുറുപ്പശ്ശേരി വര്‍ക്കി തോമസ് എന്ന കെ.വി തോമസിന് അധികാരത്തോട് പണ്ട് മുതല്‍ തന്നെ അലര്‍ജിയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസഡറായി ക്യാബിനറ്റ് റാങ്കോടെയുള്ള പുതിയ നിയമനം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ 33 വര്‍ഷം രസതന്ത്ര അധ്യാപകനായിരുന്നു തോമസ് മാഷ്. ജോലിയില്‍ നിന്നും ലീവ് എടുത്ത് രാഷ്ട്ര സേവനത്തിനിറങ്ങിയ അദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയായി അഞ്ചു തവണ ലോക്‌സഭയിലും രണ്ടു തവണ നിയമസഭയിലും അംഗമായി. കേന്ദ്ര സഹമന്ത്രിയായും സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചു. അധികാരത്തോട് ഇത്രമേല്‍ വിരക്തിയുള്ള മറ്റൊരാളുണ്ടാവില്ലെന്ന് അദ്ദേഹത്തിന്റെ കരിയര്‍ നോക്കിയാല്‍ മനസിലാവും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ തഴഞ്ഞുവെന്നു പറഞ്ഞ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പിണറായിയെ കെട്ടിപ്പിടിച്ച് മറുകണ്ടം ചാടിയ ടിയാന് കോണ്‍ഗ്രസിലിരുന്ന് നേടാത്തത് മഹിളാകോണ്‍ഗ്രസ് ഭാരവാഹിത്വം മാത്രമാണ്. അത് മഹിളകള്‍ക്കായി മാറ്റിവെച്ചത് കാരണം കിട്ടിയില്ല. ബാക്കി ഏതാണ്ടിതുപോലെയാണ്. 1970-75 കാലയളവില്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്, 1971-80 വരെ പള്ളുരുത്തി ബ്ലോക് യൂത്ത് കോണ്‍ഗ്രസ് കണ്‍വീനര്‍, 1971-76 വരെ ഐ. എന്‍.ടി.യുസി കൊച്ചി താലൂക്ക് ട്രഷറര്‍, 1986-91 ഐ.എന്‍. ടി.യുസി ട്രഷറര്‍, 1978-86 ഡി.സി.സി ജനറല്‍ സെക്രട്ടറി, 1991-96 കെ.പി.സി.സി ട്രഷറര്‍, എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍, കെ.പി.സി.സി അംഗം, ഐ.എന്‍. ടി.യു.സി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി, എ.ഐ. സി.സി നിരീക്ഷകന്‍, 1976 മുതല്‍ ഐ.എന്‍.ടി.യു.സി ജനറല്‍ കൗണ്‍സില്‍ അംഗം, 2014 മുതല്‍ 17 വരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം, 2001-2006, 2006-2009 വരെ നിയമസഭാംഗം, 2001 മുതല്‍ 2004 വരെ കേരള എക്‌സൈസ്, ടൂറിസം, ഫിഷറീസ് മന്ത്രി, 1984 മുതല്‍ 1996 വരെയും 2009 മുതല്‍ 2019 വരെയും ലോക്‌സഭാംഗം, രണ്ടാം യു.പി.എ കാലത്ത് ഭക്ഷ്യ, ഉപഭോക്തൃകാര്യ, പൊതുവിതരണ ചുമതലയുള്ള കേന്ദ്ര മന്ത്രി ഇങ്ങനെ പോകുന്നു അധികാരത്തില്‍നിന്നും അദ്ദേഹം മാറി നിന്ന കഥ.

2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍നിന്നും ലോക്‌സഭയിലേക്ക് ടിക്കറ്റ് കിട്ടാതായതോടെ ഇരിക്കപൊറുതി ഇല്ലാതായ തോമസ് മാഷ് (കോണ്‍ഗ്രസുകാര്‍ അങ്ങിനേയും സി.പി.എമ്മുകാര്‍ തരം പോലെ തിരുത തോമയെന്നും ഫ്രഞ്ച് ചാരനെന്നും ഇസ്രാഈലി ചാരനെന്നുമൊക്കെയായിരുന്നു വിളിച്ചിരുന്നത്) ഇനി എന്തു വഴിയെന്ന് അന്വേഷിച്ച് നടക്കവെയാണ് കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ രണ്ടാമതും ഇടത്പക്ഷം അധികാരത്തിലെത്തിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പെരുവഴിയിലായ സമ്പത്തിന് സമ്പത്തുണ്ടാക്കാനായി ഡല്‍ഹിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ പാലമിടാനായി ഒരു പോസ്റ്റ് ഉണ്ടാക്കി ക്യാബിനറ്റ് പദവിയോടെ നിയമിച്ചു. പക്ഷേ എന്തുപറയാന്‍ കോവിഡ് മഹാമാരി വന്നു. ഡല്‍ഹിയിലും വിദേശത്തും കുടുങ്ങിയ കേരളക്കാരുടെ കാര്യം നോക്കാനായി ഈ പാലം പ്രവര്‍ത്തിക്കേണ്ട സമയത്ത് സമ്പത്ത് കേരളത്തിലേക്ക് പറന്നു. അങ്ങിനെ കേരളത്തിലെ രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിപ്പടയോടൊപ്പം ചേര്‍ന്നു. ഇത് ഫലത്തില്‍ തോമസ് മാഷിന് ലോട്ടറിയാവുകയും ചെയ്തു.

വയസ് 77 ആയെങ്കിലും ഇപ്പോഴും അധികാര ആര്‍ത്തിയുടെ കാര്യത്തില്‍ ചെറുപ്പക്കാരനായ മാഷ് അങ്ങിനെ പിണറായിക്കും മോദിക്കുമിടയിലെ പാലമാകാന്‍ ഡല്‍ഹിക്ക് വണ്ടി കേറാന്‍ തീരുമാനിച്ചു. അങ്ങിനെ ഏതാനും വര്‍ഷം മുമ്പ് വരെ ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഏകോപിപ്പിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള അംബാസിഡര്‍മാരുടെ എണ്ണം മൂന്നായി. മാഷ് വരുന്നതോടെ നിലവിലെ അംബാസഡര്‍ വേണു രാജാമണി മറ്റൊരു അംബാസഡറായി. വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി തുടരുമ്പോള്‍ മറ്റൊരു കേരള അംബാസഡറായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സൗരഭ് ജെയിനും അവിടെ തന്നെ തുടരും. മൂന്ന് അംബാസഡര്‍മാരും അവരുടെ കീഴിലെ മുപ്പതോളം വരുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എന്ത് മലമറിക്കാനാണ് ഡല്‍ഹിയില്‍ എന്നൊന്നും ആരും ചോദിക്കരുത്.

മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍. പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്നാണല്ലോ. സമ്പത്ത് കാലത്ത് കേരളത്തിന്റെ ഏഴ് കോടിയോളം രൂപയാണ് കേരള കേന്ദ്ര ബന്ധത്തിനായി ചെലവിട്ടതെങ്കില്‍ മാഷിന്റെ ശമ്പളവും ആനുകൂല്യവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരിതാപകരമായ ധനസ്ഥിതിയിലൂടെ കടന്നുപോകുന്ന കേരളത്തിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന പുതിയൊരു നിയമനമെന്നൊന്നും പറഞ്ഞ് ആരും കൊച്ചാക്കരുത്. തിരുത അത്ര ചെറുമീനല്ലല്ലോ. പോരാത്തതിന് എല്ലാം ചെലവ് ചുരുക്കലിന്റെ ഭാഗമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ആശ്വാസം.

webdesk13: