തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ വളരെ കരുതലോടെ സൂക്ഷിക്കേണ്ടിയിരുന്ന ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായതോടെ ഡിഗ്രി പൂര്‍ത്തിയാക്കിയ നിരവധി പേരുടെ ഭാവി മുള്‍മുനയിലായി. ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനു പോലും സര്‍വകലാശാലയിലുള്ളവര്‍ തയാറായിട്ടില്ല. 1984 – 86 കാലഘട്ടത്തില്‍ പ്രീഡിഗ്രി വിജയിച്ച രജിസ്റ്റര്‍ നമ്പര്‍ 56059/11/1986, 75448/അ/1987 എന്നിവയുടെ ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു പരീക്ഷാ ഭവനില്‍ നിന്ന് ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലാത്ത വിവരം പുറത്താകുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന അപേക്ഷകന്‍ മാര്‍ക്ക് ലിസ്റ്റു നഷ്ടപ്പെട്ടതിന് പരസ്യം നല്‍കി നിയമപരമായ അഫിഡവിറ്റുണ്ടാക്കി ഇന്ത്യന്‍ എംബസി വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് പി.ഡി.സി മാര്‍ക്ക് ലിസ്റ്റിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു.
1660 രൂപ ഫീസ് അടച്ച് 231074957 ചലാന്‍ നമ്പര്‍ അനുസരിച്ചായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ 2994 നമ്പര്‍ ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലാതായെന്ന് ഉറപ്പിച്ചതോടെ ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാതെ വിദേശ രാജ്യത്ത് അപേക്ഷകന്‍ ജോലി സംബന്ധമായി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിവരം. സുവേഗവഴിയും ഇദ്ദേഹം കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും പരിഹാരമുണ്ടാക്കാന്‍ ടാബുലേഷന്‍ രജിസ്റ്റര്‍ എവിടെയും കണ്ടെത്താനായില്ല. അപേക്ഷകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബി. കോം പൂര്‍ത്തീകരിച്ചയാളായതിനാല്‍ കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് പ്രീഡിഗ്രി മാര്‍ക്കുകളുടെ സ്റ്റേറ്റ്മെന്റ് വാങ്ങി സര്‍വകലാശാല പരീക്ഷാ ഭവനില്‍ സമര്‍പിച്ചിട്ടും ഫലമില്ലാതാവുകയായിരുന്നു. 1981-84 കാലത്ത് ബി.കോം പൂര്‍ത്തിയാക്കിയ വ്യക്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ജന്യൂനസ് വെരിഫിക്കേഷന് നല്‍കിയപ്പോഴും ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലെന്ന മറുപടിയായിരുന്നു പരീക്ഷാ ഭവനില്‍ നിന്ന് നല്‍കിയത്.