ലക്‌നോ: നവംബര്‍ 24ന് നടന്ന സംഭല്‍ സംഘര്‍ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്‍. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്‍ രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുഞ്ഞു.
നവംബര്‍ 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്‍ പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്‍മാണത്തില്‍ വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു പുരോഹിതന്‍ ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്‍ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.
എന്നാല്‍, പൊലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്‍ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്‍ക്ക് ഇവിടെ ഒരു ഘടനയും ഉയര്‍ത്താന്‍ കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്‍ അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്‍ വിവാദവും പോഷിപ്പിച്ചത്.