ന്യൂഡല്‍ഹി: രാജ്യം നേരിടാന്‍ പോകുന്ന 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രക്ഷയുണ്ടാവില്ലെന്ന് യുവാക്കളുടെ പ്രിയ എഴുത്തുകാരനും നോവലിസ്റ്റുമായ ചേതന്‍ ഭഗത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചേതന്‍ തന്നെ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയാണ് എഴുത്തകാരന്റെ പ്രവചനം.
38000 പേര്‍ പങ്കെടുത്ത ട്വിറ്റര്‍ പോളിങ് സര്‍വേയില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയമാണെന്ന് 58 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. ഇതില്‍ പലരും മോദിയുടെ പ്രകടനം അതീവ മോശമാണെന്ന് അഭിപ്രായപ്പെടുന്നവരാണെന്നും, ചേതന്‍ ഭഗത് പറയുന്നു.
പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി പ്രകടനം എങ്ങനെയുണ്ടെന്ന ചോദ്യമാണ് ചേതന്‍ ഭഗത് ട്വിറ്ററില്‍ ഉന്നയിച്ചത്. ഏപ്രില്‍ 16നാണ് താരം സര്‍വേ പോസ്റ്റ് ചെയ്തത്.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായത്തില്‍ 2014 ല്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മോദി സര്‍ക്കാറിന്റെ പ്രകടനം എപ്രകാരമാണെന്നായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.. ചോദ്യത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്കായി നാല് ഓപ്ഷനുകളുമുണ്ടായിരുന്നു.
എന്നാല്‍ നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത സര്‍വേയില്‍ 58 ശതമാനത്തിലേറെ പേരും “പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരാജയം”, “മോദി വന്‍ പരാജയം” എന്നീ രണ്ടു അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.
“2014ലെ മോദിയുടെ വിജയം ആദ്യം പറഞ്ഞതിലൊരാള്‍ ഞാനായിരുന്നു. അത്തരത്തില്‍ ശുഭകരമായ ഒരു അന്തരീക്ഷമല്ല ഇപ്പോള്‍. 2019 ല്‍ നമ്മള്‍ പുതിയൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുകയാണ്. ബി.ജെ.പിയെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആരുടേയും പക്ഷം പിടിച്ചല്ല ഞാന്‍ ഇതുപറയുന്നത്. ജനങ്ങള്‍ മോദിയെ കൈവിടും. ഇതാണ് യാഥാര്‍ത്ഥ്യം”, സര്‍വേ സംബന്ധിച്ച് എന്‍.ഡി.ടി.വിയോട് ചേതന്‍ ഭഗത് പങ്കുവെച്ചു.
ട്വിറ്റര്‍ സര്‍വേയില്‍ കുറച്ച് ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം ഇത് തന്റെ സര്‍വേയാണെന്നും മോദി ഭക്തര്‍ സര്‍വേ നടത്തുമ്പോള്‍ ജയ സാധ്യത കൂടാന്‍ സാധ്യതയുണ്ടെന്നും 44 കാരനായ ചേതന്‍ ഭഗത് പരിഹസിച്ചു. “സമൂഹത്തിന് മുന്നില്‍ ഒരു കണ്ണാടിയായി മാറുക എന്നതാണ്
എന്റെ ജോലി, ആ കണ്ണാടിയില്‍ എന്താണോ കാണുന്നത് അതാണ് സത്യമെന്നും”, ചേതന്‍ ഭഗത് പറഞ്ഞു.
2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വലിയ അടുപ്പം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു ചേതന്‍ ഭഗത്. അധികാരത്തിലെത്തിയതിന് പിന്നാലെ ചേതന്‍ ഭഗതുമൊന്നിച്ചുള്ള സെല്‍ഫി ഷെയര്‍ ചെയ്തുകൊണ്ട് മോദി ചേതന്‍ ഭഗതിന് 40-ാം പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു.
രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരനുള്ള എഴുത്തുകാരന്‍.