ക്രിക്കറ്റ് കരിയർ മതിയാക്കാൻ ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. മെല്‍ബണ്‍ റെനഗേഡ്‌സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും. റെനഗേഡ്‌സിന്റെ മറ്റൊരു താരമായ ആരോൺ ഫിഞ്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്രിക്കറ്റ് കരിയറിന് അവസാനമിട്ടിരുന്നു.
ഓസ്ട്രേലിയൻ ബിഗ് ബാഷിൽ ഇപ്പോഴും മികച്ച പ്രകടനമാണ് മാർഷ് പുറത്തെടുക്കുന്നത്. ഈ സീസണിൽ 181 റൺസാണ് 40കാരനായ മാർഷ് അടിച്ചെടുത്തത്. റെനഗേഡ്സിനായി കളിക്കുന്നത് വളരെ ഇഷ്മായിരുന്നുവെന്ന് മാർഷ് പ്രതികരിച്ചു.
കഴിഞ്ഞ 5 വർഷത്തിൽ നിരവധി സൗഹൃദങ്ങൾ തനിക്ക് ലഭിച്ചു. തന്റെ യാത്രയിൽ ഒപ്പം നിന്ന ആരാധകരുടെയും താരങ്ങളുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നതായും മാർഷ് വ്യക്തമാക്കി.
2019-20 സീസണിലാണ് മാർഷ് റെനഗേഡ്സിലേക്ക് എത്തിയത്. അതിന് മുമ്പ് പെർത്ത് സ്‌കോര്‍ച്ചേഴ്സിന്റെ താരമായിരുന്നു മാർഷ്. ഓസ്ട്രേലിയൻ ടീമിൽ 38 ടെസ്റ്റുകളും 73 ഏകദിനങ്ങളും 15 ട്വന്റിയും മാർഷ് കളിച്ചിട്ടുണ്ട്. 2019 വരെ ഓസ്ട്രേലിയൻ ടീമിൽ മാർഷ് ഉണ്ടായിരുന്നു. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ (പഞ്ചാബ് കിംഗ്സ്) മികച്ച താരങ്ങളിൽ ഒരാളായിരുന്നു മാർഷ്. ഇപ്പോൾ ഓസീസ് ടീമിലെ നിർണായ താരമായ മിച്ചൽ മാർഷിന്റെ സഹോദരനാണ്.