മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്‌ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം ഇന്നലെ ലോര്‍ഡ് ലേവര്‍ അറീന കണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സൂപ്പര്‍ താരത്തിന്. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അടിയറവ് പറയിച്ചാണ് ഫെഡറര്‍ കീരീടം സ്വന്തമാക്കിയത്. മൂന്നു മണിക്കൂര്‍ 38 മിനിറ്റ് കൊണ്ടായിരുന്നു ഫെഡററുടെ വിജയം. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം കിരീട വിജയം നേടുന്നത്. ഓസ്‌ട്രേലിയന്‍ ഓപണ്‍ കൂടി സ്വന്തമായതോടെ കരിയറിലെ 89-ാം കിരീടവും 18-ാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ നദാലിനെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. ആദ്യ സെറ്റ് അനായാസം ജയിച്ച ഫെഡറര്‍ക്കെതിരെ രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് നദാല്‍ ശക്തമായി തിരിച്ചടിച്ചു. ഇതോട മൂന്നാം സെറ്റ് 6-1ന് കൈക്കലാക്കുകയായിരുന്നു ഫെഡറര്‍. എന്നാല്‍ നാലാം സെറ്റ് 3-6ന് നദാല്‍ പിടിച്ചതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. 6-3നായിരുന്നു അവസാന സെറ്റില്‍ ഫെഡറുടെ വിജയം. അവസാന സെറ്റില്‍ ആദ്യ രണ്ടു പോയിന്റുകള്‍ നദാല്‍ നേടിയതോടെ മത്സരം സ്പാനിഷ് താരത്തിനൊപ്പമാണെന്ന് തോന്നിച്ചു. എന്നാല്‍ സമ്മര്‍ദങ്ങളില്‍ പതറാതെ പരിചയസമ്പത്ത് കൂട്ടായപ്പോള്‍ അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും ഫെഡറര്‍ ഗ്രാന്‍സ്ലാം വിജയിയാകുകയായിരുന്നു. ഫെഡററുടെ അവസാന ഗ്രാന്‍സ്ലാം നേട്ടം 2012 ല്‍ ആയിരുന്നു. അന്ന് വിംബിള്‍ഡണ്‍ വിജയി ആയിരുന്നു ഫെഡ്. ഇതോടെ രണ്ട് വര്‍ഷത്തിനിപ്പുറം ഗ്ലാന്‍സ്ലാം കിരീടം സ്വന്തമാക്കാമെന്ന റാഫേലിന്റെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡും ഫെഡറര്‍ അരക്കിട്ടുറപ്പിച്ചു. അതേ സമയം, ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളതില്‍ ഫെഡററിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗ്രാന്‍സ്ലാം ഫൈനലില്‍ നദാലിനെ തോല്‍പ്പിക്കുന്നത് 10 വര്‍ഷത്തിനുശേഷം ഇതാദ്യവും. 2007ല്‍ വിംബിള്‍ഡിനിലായിരുന്നു കിരീടപ്പോരാട്ടത്തില്‍ നദാലിനെതിരെ ഫെഡററിന്റെ അവസാന ജയം. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷവും വിംബിള്‍ഡനില്‍ നദാലിനെ വീഴ്ത്തി ഫെഡറര്‍ കിരീടം നേടിയിരുന്നു. എന്നാല്‍, നേര്‍ക്കുനേര്‍ കീരീടപ്പോരാട്ടങ്ങളില്‍ നദാലിനെ വിജയം അനുഗ്രഹിച്ച സന്ദര്‍ഭങ്ങളായിരുന്നു ഏറെ: ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബിള്‍ഡന്‍ (2008), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009) എന്നിവ നദാലിനൊപ്പം നിന്നിരുന്നു.