മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സറീന വില്ല്യംസിന്. സഹോദരിമാര്‍ തമ്മിലുള്ള അങ്കത്തില്‍ ചേച്ചി വീനസ് വില്യംസിനെ മറികടന്നാണ് അനിയത്തിയായ സറീന കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സറീന വീനസിനെ പരാജയപെടുത്തിയത്. സ്‌കോര്‍ 6-4, 6-4. ഒരു മണിക്കൂര്‍ 21 മിനിറ്റ് മാത്രമേ മത്സരം നീണ്ടു നിന്നുള്ളൂ. 41 മിനിറ്റുകൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കിയ സറീനയ്ക്ക് രണ്ടാം സെറ്റിലും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ വീനസിനായില്ല. 35കാരിയായ സറീനയുടെ 23-ാം കിരീട നേട്ടമാണിത്. ഇതോടെ 1968ല്‍ ആധുനികവല്‍ക്കരിച്ച ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനുടമയായി സറീന. 22 ഗ്രാന്‍സ്ലാം കിരീടനേട്ടത്തിനുടമയായ സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. ഗ്രാന്റ്സ്ലാം സിംഗിള്‍സുകളില്‍ 316-ാമത്തെ വിജയമാണ് ഫൈനല്‍ ജയത്തോടെ സറീന സ്വന്തമാക്കിയത്. ഓപണ്‍ ടെന്നീസില്‍ പുരുഷ, വനിതാ വിഭാഗത്തില്‍ ഇതുവരെ ആരും ഇത്രയും ജയം സ്വന്തമാക്കിയിട്ടില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സറീന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു സറീന. കിരീട നേട്ടത്തോടെ ലോക റാങ്കിങില്‍ സറീന ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സഹോദരി വീനസിനെതിരെ ഒമ്പത് ഗ്രാന്റ്സ്ലാം ഫൈനലില്‍ മത്സരിച്ചപ്പോള്‍ ഏഴുതവണയും വിജയം സറീനക്കൊപ്പമായിരുന്നു. സറീനയുടെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണിത്. ഫൈനല്‍ വിജയത്തോടെ ഒരു സെറ്റു പോലും നഷ്ടമാകാതെ ആറാം ഗ്രാന്റ്സ്ലാം കിരീടം നേടുന്ന താരമെന്ന മാര്‍ട്ടിന നവരതിലോവയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സറീനയ്ക്ക് സാധിച്ചു. അതേ സമയം അഞ്ച് തവണ വിംബിള്‍ഡണും, രണ്ട് തവണ യു.എസ് ഓപണും നേടിയിട്ടുള്ള വീനസിന,് ഫ്രഞ്ച് ഓപണും ഓസ്േ്രടലിയന്‍ ഓപണും നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാല് ഗ്രാന്റ്സ്ലാമും നേടി കരിയര്‍സ്ലാം നേടിയ താരമാണ് സറീന വില്യംസ്. വിംബിള്‍ഡണ്‍(ഏഴ്), ഓസ്‌ത്രേലിയന്‍ ഓപണ്‍ (ആറ്), യുഎസ് ഓപണ്‍ (ആറ്), ഫ്രഞ്ച് ഓപണ്‍ (മൂന്ന്) എന്നിങ്ങനെയാണ് സറീനയുടെ ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍. സഹോദരി വീനസ് ഇല്ലെങ്കില്‍ താന്‍ 23 ഗ്രാന്റ്സ്ലാം നേട്ടങ്ങള്‍ സ്വന്തമാക്കില്ലായിരുന്നെന്നും അവളില്ലാതെ വില്യംസ് സഹോദരിമാരില്ലെന്നുമായിരുന്നു കിരീടം സ്വന്തമാക്കിയ ശേഷം സറീനയുടെ പ്രതികരണം. 24 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സറീനക്കു മുന്നിലുള്ളത്. സഹോദരിയോട് തോറ്റെങ്കിലും വീനസിന്റെ റാങ്കിങ് പതിനൊന്നാമതായി ഉയര്‍ന്നു.
ആധുനിക ടെന്നീസിന്റെ നെറുകയില്‍
Tags: Serena Williamstennis