X

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു. ഐപിഎല്‍ ക്രിക്കറ്റ് കമന്റേറ്ററെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് അദ്ദേഹം.

മെല്‍ബണില്‍ ജനിച്ച ഡീന്‍ ജോണ്‍സ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതല്‍ 1994 വരെ രാജ്യാന്തര ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. 1984 ജനുവരി 30ന് അഡ്‌ലെയ്ഡില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 1994 ഏപ്രില്‍ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി. അതിനും രണ്ടു വര്‍ഷം മുന്‍പ് 1992 സെപ്റ്റംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

89 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നായി 46.55 ശരാശരിയില്‍ 3631 റണ്‍സ് നേടി. ഇതില്‍ 11 സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 216 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തില്‍ 161 ഇന്നിങ്‌സുകളില്‍നിന്ന് 44.61 ശരാശരിയില്‍ 6068 റണ്‍സ് നേടി. ഇതില്‍ ഏഴു സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 54 ക്യാച്ചുകളും സ്വന്തമാക്കി.

 

web desk 1: