ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് പടുകൂറ്റന്‍ തകര്‍ച്ച. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കംഗാരുപ്പടയെ 85 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചു. സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയുടെ മോശം സ്‌കോറുകളിലൊന്നാണ് ഇത്. വെയിന്‍ ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രം. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ജോ മെന്നിയും. മെന്നി 10 റണ്‍സെടുത്തപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 48 റണ്‍സെടുത്ത് ടോപ് സ്‌കോറായി.
17 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളണ് ആതിഥേയര്‍ക്ക് നഷ്ടമായത്. പിന്നീട് അവര്‍ക്ക് കരകയറാനായില്ല. ഡേവിഡ് വാര്‍ണര്‍(1) ജോ ബേര്‍ണസ്(1) ഉസ്മാന്‍ ഖവാജ(4) എന്നിവര്‍ക്കൊന്നും ദക്ഷിണാഫ്രിക്കന്‍ പേസ് പടക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. കെയ്ല്‍ ആബട്ട് മൂന്നും കാഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി. 10.1 ഓവറില്‍ അഞ്ച് മെയ്ഡനടക്കം 21 റണ്‍സ് വിട്ടുനല്‍കിയാണ് വെര്‍ണോണ്‍ ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ശക്തമായി തിരിച്ചുവരവിനൊരുങ്ങിയ ഓസ്‌ട്രേലിയക്ക് ഏറ്റ ശക്തമായ തിരിച്ചടിയാണിത്. അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 33 റണ്‍സെന്ന നിലയിലാണ്.