അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതയുടെ തൊട്ടരികിലാണിപ്പോള്‍ കങ്കാരുക്കള്‍. ബി ഗ്രൂപ്പിലിപ്പോള്‍ ഓസ്‌ട്രേലിയക്കും ജപ്പാനും സഊദിക്കും 16 പോയന്റ് വീതമുണ്ട്. രണ്ട് കളികളും ബാക്കി. ജപ്പാനും തായ്‌ലാന്‍ഡുമായാണ് ഓസീസ് കളികള്‍. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ലോകകപ്പ് കളിക്കാം. അല്ലാത്തപക്ഷം പ്ലേ ഓഫ് കടമ്പയിലേക്ക് പോവും. സൗദിക്കെതിരെ സമനിലയോ പരാജയമോ സംഭവിച്ചാല്‍ ലോകകപ്പ് സാധ്യത അവസാനിക്കുമെന്ന അവസ്ഥയില്‍ അന്ത്യം വരെ പൊരുതിയാണ് ഓസീസ് ജയം പിടിച്ചുവാങ്ങിയത്. മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് വരെ സഊദിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പില്‍ അവരായിരുന്നു മുന്നില്‍. ജര്‍മനിയിലെ കോച്ചിംഗ് ക്യാമ്പിന് ശേഷം പ്രത്യേക ജെറ്റ് വിമാനത്തിലാണ് സഊദി താരങ്ങള്‍ അഡലെയ്ഡില്‍ എത്തിയത്. മുപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന അങ്കത്തില്‍ യുവതാരം ടോമി ജുറിക് ഏഴാം മിനുട്ടില്‍ തന്നെ കങ്കാരുക്കളെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപത്തിമൂന്നാം മിനുട്ടില്‍ സലീം അല്‍ ദോസാരി തകര്‍പ്പന്‍ ഗോളില്‍ സഊദിയെ ഒപ്പമെത്തിച്ചതോടെ മല്‍സരത്തിന് ആവേശമായി. എന്നാല്‍ മുപ്പത്തിയാറാം മിനുട്ടില്‍ ജുറിക് തന്നെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കായി ആധിപത്യം. പതറാതെ കളിച്ച സഊദിക്കാര്‍ ഒന്നാം പകുതിയുടെ അന്ത്യ നിമിഷത്തില്‍ മുഹമ്മദ് അല്‍ സലാവിയിലൂടെ വീണ്ടും ഒപ്പമെത്തി. രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിക്കവെ ടോമി റോജിക്കിന്റെ അറുപത്തിനാലാം മിനുട്ടിലെ ഗോള്‍ ഓസ്ട്രലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. അവസാനം വരെ സഊദി പൊരുതിയെങ്കിലും ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. മല്‍സരത്തിന്റെ തുടക്കത്തില്‍ ലണ്ടന്‍ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഓസീസ് ടം ഒരു മിനുട്ട് മൗനമാചരിച്ചപ്പോള്‍ സഊദി ടീം അതിന് തയ്യാറാവാതിരുന്നത് ചെറിയ വിവാദത്തിന് കാരണമായി. ലണ്ടന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുമുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ ഫിജിയും ന്യൂകാലിഡോണിയയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു