X
    Categories: MoreViews

ആഷസ് പരമ്പര: ഓസീസ് വിജയം 56 റണ്‍സ് അകലെ, ലിയോണിന് റെക്കോര്‍ഡ്

ബ്രിസ്‌ബെന്‍: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന്
വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍ ഓസീസ് വിജയകൊടി അനായാസം പാറിക്കും. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓപണര്‍മാരായ ബാന്‍ക്രോഫ്റ്റ് (51), ഡേവിഡ് വാര്‍ണര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 114 റണ്‍സുമായി ശക്തമായ നിലയിലാണ് ആതിഥേയര്‍. സ്‌കോര്‍ ഓസ്‌ട്രേലിയ 114/0 & 328/10 (ഡേവിഡ് വാര്‍ണര്‍ 60*, ബാന്‍ക്രോഫ്റ്റ് 51*), ഇംഗ്ലണ്ട് 195/10 & 302/10 ( ജോ റൂട്ട് 51 , മോയിന്‍ അലി 40, ജോഷ് ഹസില്‍ വുഡ് 3/46)

ഒന്നാം ഇന്നിങ്‌സില്‍ 26 റണ്‍സ് ലീഡു വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങില്‍ കാര്യമായ പ്രകടനം നടത്താനായില്ല. 195 റണ്‍സിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. നായകന്‍ ജോ റൂട്ട്(51), മോയിന്‍ അലി(40), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ (42) എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ സംഭാവന നല്‍കാന്‍ ആര്‍ക്കുമായില്ല. ആദ്യ ഇന്നിങ്‌സിലും വേഗം പുറത്തായ മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്ക് രണ്ടാം ഇന്നിങ്‌സില്‍ ഏഴു റണ്‍സുമായി പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ രണ്ടു റണ്‍സായിരുന്നു കുക്കിന്റെ നേട്ടം. ഇതോടെ അടുത്ത കളിയില്‍ കുക്കിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹസില്‍വുഡ് , നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ ചെറിയ സകോറില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ശേഷിച്ച ഒരു വിക്കറ്റ് പാറ്റ് കുമ്മിന്‍സ് സ്വന്തമാക്കി. ഗാബയില്‍ മൂന്നു വിക്കറ്റ് നേടിയ ലിയോണ്‍ കലണ്ടര്‍ വര്‍ഷം ഷെയ്ന്‍ വോണിനു ശേഷം 50 വിക്കറ്റു നേടുന്ന ആദ്യ ഓസീസ് സ്പിന്‍
ബൗളറായി.

നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ അപരാജിത സെഞ്ച്വറി മികവില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുകയായിരുന്നു. കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് ഗാബയില്‍ ഓസീസ് നായന്‍ സ്മിത്ത് നേടിയത്. 261 പന്തിലാണ് താരം തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ആനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച സ്മിത്ത് 326 പന്തുകള്‍ നേരിട്ട് 14 ഫോറിന്റെ അകമ്പടിയോടെ 141 റണ്‍സുമായി പുറത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് (51),പാറ്റ് കുമിന്‍സ് (42) തുടങ്ങിയവരും ഓസീസ് നിരയില്‍ തിളങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി

chandrika: