X
    Categories: CultureMoreViews

ആഷസ് അഞ്ചാം ടെസ്റ്റ്: ആധിപത്യം ഓസീസിന്

സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യദിനത്തില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്ക്. ആശ്വാസ ജയം ലക്ഷ്യമിടുന്ന ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 233 എന്ന നിലയിലാണ്.

ക്യാപ്ടന്‍ ജോ റൂട്ടിന്റെയും (83) ഡേവിഡ് മലാന്റെയും (55 നോട്ടൗട്ട്) അര്‍ധ സെഞ്ച്വറികള്‍ സന്ദര്‍ശക ഇന്നിങ്‌സില്‍ നിര്‍ണായകമായപ്പോള്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹേസല്‍ വുഡും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസ്‌ട്രേലിയക്ക് പ്രതീക്ഷ പകര്‍ന്നത്.

അവസാന രണ്ട് ഓവറുകളിലാണ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്.
മഴ കാരണം രണ്ട് മണിക്കൂര്‍ വൈകിയാരംഭിച്ച മത്സരത്തില്‍ പരമ്പരയില്‍ 3-0 നു പിന്നിലുള്ള ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നാല് ബൗണ്ടറികളുമായി പ്രതീക്ഷ നല്‍കി തുടങ്ങിയ മാര്‍ക്ക് സ്റ്റോണ്‍മാന്റെ (24) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചായിരുന്നു യുവതാരത്തിന്റെ മടക്കം. അലിസ്റ്റര്‍ കുക്കിന്റെ (39) ക്ഷമാപൂര്‍വമുള്ള ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ പകര്‍ന്നെങ്കിലും മറുവശത്ത് ജെയിംസ് വിന്‍സിനെ (25) നഷ്ടമായി. മൂന്നാം വിക്കറ്റായി കുക്ക് മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 95 എന്ന നിലയിലായി.

ഈ ഘട്ടത്തില്‍ ജോ റൂട്ടും മലാനും ചേര്‍ന്ന് 133 റണ്‍സിന്റെ സഖ്യമുണ്ടാക്കിയതോടെ കളി ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് ചാഞ്ഞു എന്ന് തോന്നിച്ചു. എന്നാല്‍ ന്യൂബോള്‍ എടുത്ത സ്റ്റാര്‍ക്ക് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കുക്കിനെയും (83) പിന്നാലെ ഹേസല്‍വുഡ് ബെയര്‍‌സ്റ്റോ(5)വിനെയും മടക്കിയതോടെ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചുവന്നു.

ആദ്യ മൂന്ന് ടെസ്റ്റിലും ജയിച്ച് ഓസ്‌ട്രേലിയ ആഷസ് പരമ്പര സ്വന്തമാക്കിയിരുന്നു. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: