മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി വിവാദ എം.എൽ.എ രാജാ സിങ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റേണ്ടത് മുഴുവൻ ഹിന്ദുക്കളുടെയും ആവശ്യമാണെന്ന് പറഞ്ഞ സിങ് ശവകുടീരം ഉടൻ തന്നെ തകർക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.
‘മഹാരാഷ്ട്രയിൽ നിന്ന് ഔറംഗസേബിന്റെ പേര് തുടച്ചുമാറ്റുക. മറാത്താക്കാർക്കെതിരായ ഔറംഗസേബിന്റെ അതിക്രമങ്ങളുടെ കണക്ക് ബുൾഡോസർ ഉപയോഗിച്ച് പരിഹരിക്കണം. ഛത്രപതി സാംബാജിയോട് കാണിച്ച ക്രൂരതയ്ക്ക് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പകരം വീട്ടണം.
ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ സംബാജി മഹാരാജിനെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയിലൂടെയാണ് ഇന്ത്യ മുഴുവൻ ഔറംഗസേബിന്റെ ക്രൂരതയെക്കുറിച്ച് അറിയുന്നത്. എന്റെ സംഭാജിയെ പീഡിപ്പിച്ച ശേഷം ആരാണ് കൊന്നത്? നമ്മുടെ സംഭാജിനഗറിൽ ആ ഔറംഗസേബിന്റെ ശവകുടീരം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എന്തുകൊണ്ട്? ഔറംഗസേബിന്റെ ശവകുടീരം ഒരു ബുൾഡോസർ കൊണ്ട് ഇടിച്ച് തകർക്കണം. ഇപ്പോൾ ആ സമയമായി. മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ ഔറംഗസേബിന്റെ ശവകുടീരം തകർക്കാൻ ആവശ്യപ്പെടണം,’ സിങ് പറഞ്ഞു.
ഔറംഗസേബിന്റെ ശവകുടീരത്തെക്കുറിച്ച് സംസാരിച്ചതിന് പുറമേ, ഔറംഗബാദ് വിമാനത്താവളത്തിന്റെ പേരിനെതിരെയും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഔറംഗസേബിന്റെ ശവകുടീരം നിർമിച്ച സ്ഥലത്തിന്റെ പേര് മുമ്പ് ഔറംഗാബാദ് എന്നായിരുന്നു, പിന്നീട് അത് സംബാജിനഗർ എന്ന് മാറ്റി.
കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവ് കർണാടകയിൽ ഉത്തർപ്രദേശിലേത് പോലെ ബുൾഡോസർ നീതി കൊണ്ടുവരണമെന്ന വിദ്വേഷപ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ എത്തിയിരിക്കുന്നത്.
‘കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്‌ലിങ്ങൾക്ക് ഹിന്ദുക്കൾക്ക് നേരെ കല്ലെറിയാൻ സൗജന്യ അനുമതി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുൾഡോസർ’ ഭരണം കൊണ്ടുവരാൻ ഇവിടെ ആർക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കർണാടകയിലും ഉത്തർപ്രദേശിലെ നിയമം വേണം,’ ബി.ജെ.പി നേതാവ് പ്രതാപ് സിംഹ പറഞ്ഞു.