X
    Categories: indiaNews

ഔറംഗസേബ് ചിത്രം പ്രൊഫൈലാക്കി; യുവാവ് അറസ്റ്റില്‍

Hands of the prisoner in jail

മുംബൈ: മുകള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം തന്റെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിന് നവി മുംബൈയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന ഹിന്ദു സംഘടനകളുടെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ സേവന ദാതാവിന്റെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്ന 29കാരനായ യുവാവിനെ വാശി പൊലീസാണ് അറസ്റ്റു ചെയ്തത്. മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി കുറച്ചു നാളുകളായി ഔറംഗസേബിന്റെയും ടിപ്പുസുല്‍ത്താന്റെയും ചിത്രം സ്റ്റാറ്റസ് ആക്കിയതിനു സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

ഇരുവരുടെയും ചിത്രങ്ങളും ഓഡിയോ ക്ലിപ്പും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. തുടര്‍ന്ന് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഔറംഗസേബിനെ മഹത്വവല്‍ക്കരിക്കുന്ന നടപടി അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചതിനു പിന്നാലെയാണ് സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 298, 153-എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോലാപൂരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം സോഷ്യല്‍മീഡിയ സ്റ്റാറ്റസായി ആക്ഷേപകരമായ ഓഡിയോ സന്ദേശത്തോടൊപ്പം വ്യാപകമായി പ്രചരിച്ചിരുന്നു.

webdesk11: