ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്‌ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുന്നു. ഒരു അധ്യാപിക കുട്ടികള്‍ക്ക് ഇങ്ങനെയാണോ മാതൃകയാകേണ്ടത് എന്നാണ് പലരും സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നത്. ഇവരുടെ പ്രവൃത്തി നാടിന് തന്നെ അപമാനമാണ്. ഇവരെ ബി.ജെ.പി നേതാവായി അവരോധിച്ചോട്ടെ. അതിന് മുമ്പ് സര്‍ക്കാര്‍ നടപടിയെടുത്ത് പുറത്താക്കണമെന്നാണ് ആവശ്യം.
കുട്ടികള്‍ തമ്മില്‍ സ്‌നേഹവും പരസ്പര വിശ്വാസവും വളര്‍ത്തുന്നതിന് പകരം ഒരു മതവിഭാഗമെന്നതിന്റെ പേരില്‍ ഒരു കുട്ടിയെ മറ്റുള്ളവരെ കൊണ്ട് അടിപ്പിക്കുന്നത് കടുത്ത മനുഷ്യത്വഹീനമായ പ്രവൃത്തിയാണ്. ഇതിന് അവരെ പ്രേരിപ്പിച്ചത് അവരുടെ അനുഭവമാകാം. എന്നാല്‍ ഈ വെറുപ്പ് സൃഷ്ടിച്ചതില്‍ ഭരിക്കുന്നരാഷ്ട്രീയക്കാരുടെ പങ്ക് തള്ളിക്കളയാനാകില്ല.
മുഖ്യമന്ത്രിപോലും ഇതരമതവിദ്വേഷം പ്രചരിപ്പിക്കുകയും മുസ്്‌ലിം ആരാധനാലയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഒരു അധ്യാപികയുടെ കാര്യം പറയാനുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇവര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്നത് കാണിക്കുന്നത് സര്‍ക്കാരിലെ ആളുകളുടെ പിന്തുണയാണ്. വരും തലമുറയില്‍പോലും മതവിദ്വേഷം കടത്തിവിട്ട് രാജ്യത്തെ ഹിന്ദുത്വത്തിന്റെ മൂശയിലേക്ക് തള്ളിവിടുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിന് അധ്യാപകസമൂഹത്തെ ഉപയോഗിക്കുകയാണെന്നാണ് വിമര്‍ശനം. ആ കുട്ടി ഭാവിയില്‍ തീവ്രവാദിയായിപ്പോയാല്‍പോലും അല്ഭുതപ്പെടേണ്ടതില്ലെന്നും ഇതരവിദ്യാര്‍ത്ഥികള്‍ മുസ്്‌ലിം സഹോദരങ്ങളോട് എങ്ങനെയാകും ഇനി പെരുമാറുകയെന്നും ചോദിക്കുന്നവരുമുണ്ട്.
സംഭവത്തില്‍ ഇര്‍ഷദെന്നയാളുടെ മകന്‍ അല്‍ത്തമാഷാണ് മര്‍ദിക്കപ്പെട്ടതെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. അധ്യാപിക പൊലീസിന് മുമ്പില്‍ വെച്ച് മാപ്പുപറഞ്ഞതായും അവര്‍ക്കെതിരെ പരാതിയില്ലെന്ന് താന്‍ എഴുതിക്കൊടുത്തതായും കുട്ടിയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞതായി സുബൈര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
മകനെ സ്‌കൂളിലേക്ക് ഇനി അയക്കുന്നില്ലെന്ന് തീരുമാനിച്ചതായി പിതാവ് വ്യക്തമാക്കിയെന്നും പറഞ്ഞു.
ഇസ്‌ലാമോഫോബിയയും ആള്‍ക്കൂട്ട മര്‍ദനങ്ങളും നിരീക്ഷിക്കുന്ന മുഹമ്മദ് ആസിഫ് ഖാനും മള്‍ട്ടിമീഡിയ ജേണലിസ്റ്റ് മീര്‍ ഫൈസലുമടക്കമുള്ളവരുടെ അക്കൗണ്ടുകളില്‍ ഈ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്.
സംഭവം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തിലാണ് നടന്നതെന്ന് ആസിഫ് ഖാന്‍ ട്വീറ്റ് ചെയ്തു. പ്രദേശത്തെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗിയാണ് ക്ലാസ്മുറിയില്‍ വെച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മര്‍ദിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.