നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര്‍ നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക് ലോക ശ്രദ്ധ തിരിഞ്ഞത് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ മ്യാന്മാറിലെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ അന്താരാഷ്ട്ര വിചാരണയില്‍ ഭയപ്പെടുന്നില്ല, സൂകി പറഞ്ഞു. റോഹിന്‍ഗ്യകള്‍ക്കെതിരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പാലയനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമലംഘനങ്ങളെയും അപലപിക്കുന്നു. എല്ലാതരം അക്രമ സംഭവങ്ങളിലും അതീവ ദുഃഖമുണ്ട്. മ്യാന്മാറില്‍ പുതിയ ഭരണമെത്തിയിട്ട്് വെറും 18 മാസമായിട്ടൂള്ളു. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം കലാപത്തില്‍ ഭൂരിഭാഗം റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളെയും കലാപം ബാധിച്ചിട്ടില്ലെന്ന വിചിത്രവാദവും സുകി ഉന്നയിച്ചു. ആഗസ്ത് 25ന് വീണ്ടും കലാപം പൊട്ടിപുറപ്പെട്ടതിനു ശേഷം ഇതുവരെ നിശബ്ദത പാലിച്ച സൂകി ഇതാദ്യമായാണ് മൗനം വെടിയുന്നത്.
അതേസമയം, വടക്കന്‍ റാഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ താമസിക്കുന്ന വിദൂര ഗ്രാമങ്ങളില്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പട്ടിണിയിലും ഭീതിയിലും കഴിയുന്ന ഇവര്‍ സുരക്ഷിതമായി പലായനം ചെയ്യാന്‍പോലും കഴിയാത്ത സ്ഥിതിയിലാണ്. 4.3 ലക്ഷം റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ ഇതുവരെ രാജ്യം വിട്ടതായാണു കണക്ക്.