വാഷിങ്ടണ്‍: മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്‍കിയ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്‌കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ് ഹോളോകോസ്റ്റ് മെമോറിയല്‍ മ്യൂസിയം 2012ലാണ് സൂകിക്ക് എലി വെസല്‍ അവാര്‍ഡ് നല്‍കിയത്. സൂകിയുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കായിരുന്നു പുരസ്‌കാരം.
ബുധനാഴ്ച പുറത്തിറക്കിയ തുറന്ന കത്തിലാണ് പുരസ്‌കാരം തിരിച്ചെടുക്കുന്നതായി മ്യൂസിയം അധികൃതര്‍ വ്യക്തമാക്കിയത്. ‘2016-17 വര്‍ഷങ്ങളില്‍ റോഹിംഗ്യകള്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങളടക്കം പലരും താങ്കളുടെ മനുഷ്യാവകാശ പോരാട്ടങ്ങളെ ആഘോഷിച്ചവരാണ്. റോഹിംഗ്യകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ അതിനെതിരെ നിലപാടെടുക്കേണ്ടിയിരുന്നു. നിക്ഷപക്ഷതയും നിശബ്ദതയും വേട്ടക്കാരെയാണ് സഹായിക്കുകയെന്നും കത്ത് സൂകിയെ ഓര്‍മ്മപ്പെടുത്തുന്നു.
റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ആങ് സാന്‍ സൂകിയുടെ നിശബ്ദത ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സൂകിയുടെ സമാധാന നോബല്‍ തിരിച്ചെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ സൂകിയും പാര്‍ട്ടിയും തന്ത്രപരമായ മൗനത്തിലായിരുന്നു.