കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സുന്ദരപുരത്ത് അമിതവേഗതയില്‍ വന്ന ഔഡികാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി കാറാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 9.30-ഓടെയാണ് സംഭവം. അമിതവേഗത്തില്‍ വന്ന കാര്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് നിയന്ത്രണം വിടുകയായിരുന്നു. സ്റ്റോപ്പിലുണ്ടായിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ച കാര്‍ പിന്നീട് ഒരു ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. അതിനുശേഷം അടുത്തുള്ള പൂക്കടയിലേക്കും ഇടിച്ച് കയറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുനിന്നു. ബസ് കാത്തുനിന്ന അഞ്ചുപേരാണ് മരിച്ചത്. അഞ്ച് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അപകടത്തില്‍ മരിച്ചു.
സോമു (55), സുരേഷ് (43), അംശവേണി (30), സുഭാഷിണി (20), ശ്രീരംഗദാസ് (75), കുപ്പമ്മാള്‍ (60) എന്നിവരാണ് മരിച്ചത്. ബാക്കിയുളളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കമ്മീഷണര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടുകാര്‍ വാഹനം ഓടിച്ചയാളെ പിടികൂടി മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.