മുംബൈ: വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ പ്രഥമ എഡിഷനുള്ള താര ലേലം മുംബൈയില്‍ പുരോഗമിക്കുകയാണ്. പതിനേഴ് താരങ്ങളെയാണ് ഇതിനകം വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.പ്രതീക്ഷിച്ചത് പോലെ തന്നെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണംവാരിയത് ഇന്ത്യന്‍ താരങ്ങളാണ്. ഇതുവരെ നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ്. 3.4 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മന്ദാനയെ സ്വന്തമാക്കിയത്.
ലേലം നടന്നു കൊണ്ടിരിക്കേ പൊന്നും വിലക്ക് ബാംഗ്ലൂര്‍ തന്നെ സ്വന്തമാക്കിയപ്പോള്‍ സന്തോഷം അടക്കാനാവാതെ ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷം പങ്കിടുന്ന മന്ദാനയുൂടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.ഹര്‍മന്‍ പ്രീത് കൗര്‍, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളേയും പൊന്നും വിലക്കാണ് ടീമുകള്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ലേലത്തിന് ആദ്യമെത്തിയത് സ്മൃതി മന്ദാന തന്നെയായിരുന്നു. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാനായി മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലായിരുന്നു മത്സരം. ഒടുക്കം മന്ദാനയെ പൊന്നും വില കൊടുത്ത് ബാംഗ്ലൂര്‍ സ്വന്തമാക്കി.