X

ആറ്റുകാല്‍ പൊങ്കാല: മാര്‍ഗനിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷ്ണറാണ് നിര്‍ദേശങ്ങള്‍ അറിയിച്ചത്.

ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതായിരിക്കണം. തൊഴിലാളികള്‍ വ്യക്തിശുചിത്വം പാലിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടി നില്‍ക്കരുത്. ഖരമാലിന്യങ്ങല്‍ അടപ്പോടുകൂടിയ പാത്രങ്ങളില്‍ സൂക്ഷിക്കണം. ഭക്ഷ്യവസ്തുക്കള്‍ തുറന്നുവച്ച് വില്‍ക്കരുത്. അന്നദാനം ചെയ്യുന്നവര്‍, പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. പാചകം ചെയ്യുന്നയാള്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്നും പാചകത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തണം.

പാഴ്‌സല്‍ നല്‍കാന്‍, ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പാഴ്‌സല്‍ പൊതികളില്‍ ഭക്ഷണം തയാറാക്കിയ സമയം, ഉപയോഗിക്കാന്‍ കഴിയുന്ന തിയതി, സമയ പരിധി എന്നിവ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിശ്ചിത ഗുണനിലവാരമുള്ളതും കൃത്യമായ ലേബല്‍ രേഖപ്പെടുത്തിയതുമായ ഭക്ഷ്യവസ്തുക്കള്‍ പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണം. കൃത്യമായ വിവരങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കള്‍, മിഠായികള്‍, പഞ്ഞി മിഠായികള്‍ എന്നിവ വില്‍ക്കാന്‍ പാടില്ല. ശീതളപാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച് നിര്‍മിച്ച ഐസ് വേണം ഉപയോഗിക്കാന്‍.

ഭക്ഷ്യസംരംഭകര്‍ക്കും പാചകത്തൊഴിലാളികള്‍ക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 24ന് നടത്തുന്ന പരിശീലനപരിപാടിയില്‍ ഭക്ഷ്യസംരംഭകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയവിതരണം, ദാഹജലവിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍, അക്ഷയകേന്ദ്രങ്ങള്‍ വഴി മുന്‍കൂട്ടി എടുക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും.

ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലേക്കുള്ള 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഈ നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷര്‍ അറിയിച്ചു.

webdesk13: