തിരുവല്ല ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇരയായ യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ കായംകുളം സ്വദേശി പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ(30)യാണ് യുവതിയെ വായു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ കായംകുളം സ്വദേശി കരിയിലകുളങ്ങര സ്വദേശി സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡയിലെടുത്തത്.
അതേസമയം സംഭവത്തില്‍ മരുമകന്‍ അരുണിനെ സംശയമില്ലെന്ന് സ്നേഹയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു. 95 ശതമാനവും അവന്‍ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”മരുമകനെ സംശയമില്ല. അവന്‍ അങ്ങനെയൊരു രീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാന്‍ വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാന്‍ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ’ -സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം മരുമകന്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എനിക്ക് ഒന്നും തോന്നിയിട്ടില്ല. ഒരുസ്ത്രീ ഒറ്റയ്ക്ക് ഇത് ചെയ്യില്ല. പ്രതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരേലും കാണും. അവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണം -അദ്ദേഹം പറഞ്ഞു.
പ്രസവിച്ചു കിടക്കുന്ന സ്‌നേഹയെ നഴ്സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു കേസിലെ പ്രതി അനുഷയുടെ പദ്ധതി. അനുഷ, സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണു വിവരം. സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ യുവതി അരുണുമായി സ്നേഹത്തിലായിരുന്നു.