X

ബംഗ്ലാദേശില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്‍ ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്‍ തകര്‍ത്തത്.

ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപജില്ലാ നിര്‍ബാഹി ഓഫീസര്‍ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഒരാള്‍ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച സ്ട്രെച്ചറില്‍ കിടക്കുകയും മറ്റൊരാള്‍ സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്‍ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതായും രണ്ടാമന്‍ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്‍ എസ്പി അബ്ദുല്‍ ജലീല്‍ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍, താന്‍ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മോക്സുദൂര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്‍ ആരോപിച്ചു.

‘ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്‍ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്‍ ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സജീവമായി ശ്രമിക്കുന്നു’- ബം?ഗ്ലാദേശ് ഡിഫന്‍സ് റിസര്‍ച്ച് ഫോറം എക്‌സില്‍ കുറിച്ചു.

webdesk13: