യു.പിയില്‍ ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകര്‍ത്ത ശേഷം മുസ്ലിം യുവാക്കളെ കുടുക്കാന്‍ ശ്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ക്രിച്ച് റാം എന്നയാളാണ് പിടിയിലായത്.
ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ ജൂലൈ 16നായിരുന്നു സംഭവം. താന്‍ പൂജാരിയായ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള ഗണേഷ വിഗ്രഹം മുസ്‌ലിംകളായ മന്നാന്‍, സോനു എന്നിവര്‍ ചേര്‍ന്ന് തകര്‍ത്തെന്ന പരാതിയുമായി ഇയാള്‍ കിഴക്കന്‍ യു.പിയിലെ കതേല സമയ്മാത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും തനിക്ക് നേരെ ഭീഷണി മുഴക്കിയെന്നും തന്നെ പൂജ ചെയ്യാനോ കീര്‍ത്തനം ചൊല്ലാനോ സമ്മതിച്ചില്ലെന്നും ആരോപിച്ച ഇയാള്‍, തന്റെ ഭാര്യ ഇടപെട്ടപ്പോള്‍ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഇതോടെ, ഒരു വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും ആരാധനാലയം അശുദ്ധമാക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തി പൊലീസ് 2 യുവാക്കള്‍ക്കുമെതിരെ കേസെടുത്തു. സംഭവം വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങിയതോടെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രത്യേക പൊലീസ് സംഘത്തെ തുടരന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. തുടരന്വേഷണത്തില്‍ പൂജാരി തന്നെയാണ് വിഗ്രഹം തകര്‍ത്തതെന്ന് ബോധ്യമാകുകയും സംഭവത്തിന് സാക്ഷിയായ കുട്ടികളെ കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മന്നാനുമായും സോനുവുമായും മുമ്പ് വഴക്കുണ്ടായിരുന്നെന്നും അവരെ ക്രിമിനല്‍ കേസില്‍ കുടുക്കാനായിരുന്നു തന്റെ ശ്രമമെന്നും പൂജാരി പിന്നീട് പൊലീസിന് മൊഴി നല്‍കി. ഇയാ?ള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.