X
    Categories: indiaNews

ജഹാംഗിര്‍പുരിയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ശ്രമം; ഇന്ന് തിരംഗയാത്ര

ന്യൂഡല്‍ഹി: സാമുദായിക സംഘര്‍ഷവും നഗര ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജും അരങ്ങേറിയ ഉത്തര ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുമായി പ്രദേശവാസികള്‍. സംഘര്‍ഷമുണ്ടായ ജഹാംഗിര്‍പുരിയിലെ സി ബ്ലോക്ക് നിവാസികളായ ഹിന്ദു – മുസ്്‌ലിം വിശ്വാസികള്‍ സംയുക്തമായാണ് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇതിന്റെ ഭാഗമായി ഇന്ന് സംഘര്‍ഷബാധിത മേഖലയില്‍ ഇരു മതങ്ങളിലും പെട്ടവര്‍ പങ്കെടുക്കുന്ന തിരംഗയാത്രയും പരസ്പര ആശ്ലേഷവും സംഘടിപ്പിക്കുമെന്ന് സമാധാന കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഞങ്ങള്‍ എല്ലാ കാലത്തും ജീവിച്ചത് സമാധാനത്തിലാണ്. ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെയാണ്. ഇപ്പോഴുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ജഹാംഗിര്‍പുരിയിലെ പൊലീസ് സാന്നിധ്യവും ബാരിക്കേഡുകളും പരമാവധി കുറച്ചു കൊണ്ടുവരണമെന്നും കുശാല്‍ ചൗക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത തബരേസ് ഖാന്‍ പറഞ്ഞു. സംഘര്‍ഷം ആശങ്കയുണ്ടാക്കുന്നതാണെന്നും മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ഹിന്ദു വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇന്ദര്‍ മാനി തിവാരി പറഞ്ഞു.

ഇത്തരമൊരു സംഘര്‍ഷം ജഹാംഗിര്‍പുരിയില്‍ മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഉഷ രംഗറാണിയുടെ നിര്‍ദേശ പ്രകാരമാണ് ഹിന്ദു മുസ്‌ലിം വിഭാഗക്കാര്‍ സമാധാന യോഗം ചേര്‍ന്നത്. സാമുദായിക സംഘര്‍ഷം വ്യാപിക്കാതെ തടഞ്ഞതില്‍ പൊലീസിന്റെ നടപടിയെ സമാധാന കമ്മിറ്റി അഭിനന്ദിച്ചു.

കലാപത്തിന്റെ തൊട്ടടുത്ത ദിവസം വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗം ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറുടെ ഇടപെടലിനെതുടര്‍ന്ന് അലസിപ്പിരിഞ്ഞിരുന്നു. സാമുദായിക സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഡി.സി.പി പറഞ്ഞു. എച്ച്. ജി ബ്ലോക്കുകളില്‍ കടകള്‍ തുറക്കുന്നതിനെ പൊലീസ് തടയില്ല. നിലവില്‍ യാതൊരു നിരോധനവും കടകള്‍ തുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഡി.സി.പി കൂട്ടിച്ചേര്‍ത്തു.

അതേസമയം ജഹാംഗിര്‍പുരിയിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഏതാനും ദിവസത്തേക്ക് കൂടി തുടരുമെന്ന് പൊലീസ് പറഞ്ഞു.

Chandrika Web: