X

ഫാറൂഖ് കോളജ് വഖഫ് ഭൂമി അന്യാധീനപ്പെടുത്താന്‍ ശ്രമം: കെ.പി.എ മജീദ്‌

കോഴിക്കോട്: ഫാറൂഖ് കോളജിന്റെ പേരിലുള്ള ചെറായിയിലെ 404.76 ഏക്കര്‍ വഖഫ് ഭൂമി കുത്തകകള്‍ക്ക് അവിഹിതമായി കൈമാറാന്‍ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയതായി മുസ്്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നിസാര്‍ചെയര്‍മാനും അഡ്വ അബൂബക്കര്‍ ചെങ്ങാട് സെക്രട്ടറിയുമായ എന്‍ക്വയറി കമ്മീഷന്‍ ഇതു വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷവും കോടികള്‍ വിലമതിക്കുന്ന സ്വത്ത് നഷ്ടടപ്പെടുത്താന്‍ നികുതി സ്വീകരിക്കാന്‍ മന്ത്രിതല സമിതി നിര്‍ദേശിച്ചത് ദുരൂഹമാണ്.

ചെറായിയിലെ ഭൂമി വഖഫ് ഭൂമിയാണെന്ന് സംശയാതീതമായി തെളിഞ്ഞ ശേഷം, അനധികൃത കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വഴിവിട്ട നടപടി രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. വഖഫ് ഭൂമി ക്രയവിക്രയം നടത്തുന്നതിനായി സാധാരണക്കാരെ വഞ്ചിക്കുന്നതിനാവശ്യമായ രേഖകള്‍ പടച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിനു പകരം നികുതി അടയ്ക്കാന്‍ അനുവാദം നല്‍കുന്നതു വഴി സാധാരണക്കാരുടെ മറവില്‍ ക്ലബ് മഹീന്ദ്രക്കും മറ്റുള്ളവര്‍ക്കും ഭൂമി സ്വന്തമാക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നത്.

കോടികള്‍ മുടക്കി കോടതിയെ സമീപിച്ച് സിവില്‍ കേസ്സ് അനുകൂലമാക്കി മാറ്റാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് വഖഫ് നിയമനാഝധികാരം കവര്‍ന്ന് മുസ്്‌ലിം സമുദായത്തോട് പിണറായി സര്‍ക്കാര്‍ കാണിച്ച അനീതിയുടെ തുടര്‍ച്ചയാണ്. ലീഗുകാര്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവരെ നിലക്കു നിര്‍ത്താനാണ് നിയമനം പി.എസ്.സിക്ക് വിട്ടതെന്നും കള്ളം തട്ടിവിട്ടവര്‍ക്ക് പിടിച്ചു നില്‍ക്കാനായിരുന്നില്ല. അനധികൃത കൈയേറ്റക്കാര്‍ക്ക് നികുതി അടക്കാന്‍ അനുവാദം നല്‍കിയതു വഴി ഇല്ലാത്ത അവകാശം പതിച്ചു നല്‍കുന്നതോടെ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണെന്നറിയാതെ സ്ഥലം വാങ്ങിയ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് നടപടിയെന്ന വാദം നിരര്‍ത്ഥകമാണ്. ചെറായിലെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ നീക്കങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും വഞ്ചിതരായ സാധാരണക്കാര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാനും വഖഫ് ഭൂമി സംരക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

Test User: