കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വഴി മാറിയ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുസരിച്ചില്ല. പേടിച്ച് പുറത്തു ചാടിയ ഒരു വിദ്യാർഥിനിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് രണ്ട് വിദ്യാർഥിനികളും കയറുകയായിരുന്നു.
ഇതിനിടെ പുറത്തുനിന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവർ വാക്കേറ്റം നടത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കയറ്റിയ ശേഷം വളരെ വേഗതയിൽ ഓട്ടോ ഓടിച്ചുപോയി. തങ്ങൾ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ പോയതോടെ ഓട്ടോ നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ വണ്ടി നിർത്തിയില്ല. ഇതോടെ പേടിച്ച് പോയെന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.
പിന്നീട് ഏറെ ദൂരം മുന്നോട്ടു പോയ ശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിനിയെ ഇറക്കി വിട്ടത്. 40 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഓട്ടോ ഡ്രൈവറെ മുമ്പ് കണ്ടിട്ടില്ലെന്നും വിദ്യാർഥിനി പറഞ്ഞു.