പാലക്കാട്: അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില്‍ കുടുങ്ങിയവരെ പുഴക്ക് കുറുകെ കയറുകെട്ടി സാഹസികമായി രക്ഷപ്പെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കുറുകെ കെട്ടിയ കയറില്‍ പിതാവ് മുരുകേശനാണ് കുഞ്ഞിനെ നെഞ്ചോടടുക്കി കരക്കെത്തിച്ചത്. കനത്ത മഴയും കുത്തിയൊഴുകുന്ന പുഴയും ദുഷ്‌കരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. മുരുകേശന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെയാണ് രക്ഷപെടുത്തിയത്. ലാവണ്യയെ പുഴ കടത്തുന്നത് വളരെ ദുഷ്‌കരമായിരുന്നു. അതിസാഹസികമായാണ് ഇവരെ ഇക്കരെ എത്തിച്ചത്. എട്ടുമാസം ഗര്‍ഭിണിയെ റോഡിലൂടെ പുഴ കടത്തിയാല്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായിരുന്നു. ആരോഗ്യവിദഗ്ധരടക്കം എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഭര്‍ത്താവിനെയും മാതാപിതാക്കളെയും പുഴക്കരികില്‍ നിര്‍ത്തിയിരുന്നു. മറുകരയിലെത്തിച്ചതിന് പിന്നാലെ ഡോക്ടര്‍മാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നല്‍കി. ഇക്കരെ എത്തിച്ച എല്ലാവരെയും ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അടിയന്തരപരിശോധനയ്ക്കു വിധേയമാക്കി. തുരുത്തിലുള്ളവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തില്‍ ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോവുകയായിരുന്നു. കോണാര്‍ വിഭാഗത്തില്‍പ്പെട്ട ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി വീട്ടിനുള്ളില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇവര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയിരുന്നു.
തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി
Tags: KERALA FLOOD