പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി ഇന്നും തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരും.
മഞ്ജി കണ്ടി വനത്തിലാണ് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ ഉള്ളതെന്നാണ് സൂചന. ഇന്നലെ മഞ്ജി കണ്ടി വനമേഖലയില്‍ നടന്ന തെരച്ചിലില്‍ ഒരു എകെ 47 ഉള്‍പ്പെടെ ആറ് തോക്കുകള്‍ കണ്ടെടുത്തിരുന്നു. കാടിനകത്ത് മാവോയിസ്റ്റുകള്‍ തങ്ങാന്‍ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടര്‍ബോള്‍ട്ട് കണ്ടെത്തി. ഏറ്റുമുട്ടല്‍ നടന്ന പരിസരത്ത് മൂന്നുപേര്‍ ഇപ്പോഴും ഉണ്ടെന്നാണ് സൂചന. അതേസമയം, മാവോയിസ്റ്റ് വേട്ടയില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു പറഞ്ഞു.