അഗളിയിൽ കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന എത്താത്തതിനെ തുടർന്ന് ഷെൽട്ടറിൽ നിന്ന് കുട്ടിയാന മാറ്റാൻ തീരുമാനിച്ച് വനംവകുപ്പ്. ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്കാണ് മാറ്റുക.ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. ഇനി ആനക്കുട്ടിയെ കൊണ്ടുപോകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ഇതോടെയാണ് കാടിനകത്ത് വനം വകുപ്പിൻ്റെ ക്യാമ്പ് സ്റ്റേഷൻ്റെ സമീപത്തേക്ക് കൃഷ്ണയെ മാറ്റാൻ തീരുമാനിച്ചത്. രണ്ട് ദിവസം മുന്‍പാണ് അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. തള്ളയാനയോടൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൊണ്ടാണ് കാട്ടാനക്കുട്ടിയ്ക്ക് വനം വകുപ്പ് കൃഷ്ണ എന്ന് പേരിട്ടത്.ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.