അട്ടപ്പാടി മധു കൊലക്കേസില്‍ പതിനാല് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖം.
കേസ് നടത്തിപ്പില്‍ സര്‍ക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല അദ്ദേഹം പറഞ്ഞു.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നല്‍കുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും ഈ കേസില്‍ നിര്‍ണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു അദ്ദേഹം വ്യക്തമാക്കി.