അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളി. കേസിലെ ഒന്നാം പ്രതി ഹുസൈന് ഹൈക്കോടതി ജാമ്യം നല്‍കി. ഹുസൈന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ഹൈക്കോടതി മരവിപ്പിച്ചു. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ പങ്കാളിയല്ലെന്ന ഹുസൈന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്.
മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നായിരുന്നു 13 പ്രതികളുടെയും ആവശ്യം. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എല്ലാ പ്രതികളും ഏപ്രില്‍ 5 മുതല്‍ ജയിലിലാണ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ പിവി ജീവേഷ് ഹാജരായി.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. 16 പ്രതികളില്‍ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു വിധി. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറിയിരുന്നു. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.