തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ ജയില്‍ ചാടി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ചാടുന്നത്. ജയില്‍ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയില്‍ ഡിഐജി സന്തോഷ് അന്വേഷിക്കും.
ജയില്‍ ചാടുന്നതിന് മുമ്പ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു. ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് ഇന്നലെ വൈകുന്നേരം അട്ടക്കുളങ്ങര ജയില്‍ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്. നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു.
ഇതിനിടയില്‍ മുരിങ്ങ മരത്തില്‍ കേറി തടവുകാരികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മതില്‍ ചാടി ഇരുവരും ഓട്ടോയില്‍ കയറി പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.