X

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമങ്ങള്‍ അപലപനീയം: സാദിഖലി ശിഹാബ് തങ്ങള്‍

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ പാലക്കാട്ട് നടന്ന അക്രമങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകൾ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

സ്‌കൂളിൽ ക്രിസ്മസിനും ഓണത്തിനും പെരുന്നാളിനുമെല്ലാം ആഘോഷങ്ങളുണ്ടാകും. മനുഷ്യ ബന്ധങ്ങളുടെ പാലങ്ങൾ തകർക്കാൻ അനുവദിക്കരുത്. ഈ സംഭവം അത്യന്തം അപലപനീയമാണെന്നും തങ്ങൾ പറഞ്ഞു.

ആഘോഷങ്ങൾ സൗഹൃദങ്ങളും മാനുഷിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള അവസരമാക്കി മാറ്റണം. ജാതി, മത ചിന്തകൾക്കതീതമായി ചേർന്നു നിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം ഒന്നിച്ചുനിൽക്കുക. എല്ലാ മതങ്ങളും സ്‌നേഹവും സഹവർത്തിത്വവുമാണ് ഉദ്‌ഘോഷിക്കുന്നത്. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക.

ലോകശാന്തിക്കായി പ്രവർത്തിക്കുക, പ്രാർത്ഥിക്കുക. ഇങ്ങനെ സ്‌നേഹത്തിന്റെ പുന്തോപ്പിൽ ഒന്നിച്ചിരിക്കാൻ നമുക്ക് സാധിക്കണമെന്നും തങ്ങൾ പറഞ്ഞു. കാലിക വിഷയങ്ങളിൽ ബിഷപ്പുമായി ചർച്ചകൾ നടത്തി. പ്രാതൽ കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത്. മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീറും സാദിഖലി തങ്ങളെ അനുഗമിച്ചു.

webdesk13: