X

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍: പ്രധാനമന്ത്രിയും പ്രസിഡന്റും ഇടപെടണമെന്ന് സഭകളും നേതാക്കളും

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ നേതാക്കള്‍. നാനൂറിലധികം ക്രിസ്ത്യന്‍ നേതാക്കളും 30ഓളം സഭകളുമാണ് ആവശ്യമുന്നയിച്ചത്. ക്രിസ്മസ് ആഘോഷ വേളയില്‍ രാജ്യത്തുടനീളമായി 14 അക്രമ സംഭവങ്ങളാണുണ്ടായത്. ഇതിെന്റ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടതെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ വര്‍ധനവില്‍ ഇവര്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. 2024 ജനുവരിക്കും നവംബറിനും ഇടയില്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ 720 സംഭവങ്ങള്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും 760 കേസുകള്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറവും രേഖപ്പെടുത്തിയിട്ടുണ്ട്.

മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുള്ള ഭീഷണികള്‍, വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗം, ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി പദവി നിഷേധിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഇവര്‍ ഉന്നയിച്ചു. 2023 മെയ് മുതല്‍ 250ലധികം മരണങ്ങള്‍ക്കും 360 പള്ളികള്‍ തകര്‍ക്കാനും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും കാരണമായ മണിപ്പൂരില്‍ സമാധാനവും അനുരഞ്ജനവും വളര്‍ത്തുന്നതില്‍ പ്രകടമായ പങ്ക് വഹിക്കണമെന്നും നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

രാജ്യത്തെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള സംഭവങ്ങളെക്കുറിച്ച് വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, എല്ലാ വിശ്വാസ സമുദായങ്ങളുടെയും പ്രതിനിധികളുമായി പതിവായി ചര്‍ച്ചകള്‍ നടത്തുക, ഒരാളുടെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാനും ആചരിക്കാനുമുള്ള മൗലികാവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.

ഇന്ത്യയുടെ ധാര്‍മിക ഘടന, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവയ്ക്ക് ഉള്‍ക്കൊള്ളലും ഐക്യവും അത്യന്താപേക്ഷിതമാണെന്നും ഇവര്‍ ഊന്നിപ്പറഞ്ഞു.

webdesk13: