മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ജമാഅത്ത് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്നും ഇമാമിനേയും പ്രാര്‍ത്ഥനക്കെത്തിയവരേയും ആക്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പി.ഉബൈദുള്ള അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ 31 ന് പള്ളി ഇമാം മുഹമ്മദ് ബഷീര്‍ ദാരിമിയെ പ്രാര്‍ത്ഥനക്കിടെ പള്ളിക്കുള്ളില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പള്ളിയുടെ ഭരണത്തെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പല തവണ ഇത് ഏറ്റുമുട്ടലില്‍ കലാശിച്ചു. 13 കേസുകള്‍ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തു. 31ലെ സംഭവത്തിന് ശേഷം ആര്‍.ഡി.ഒ ഇരുവിഭാഗവുമായും നടത്തിയ അനുരഞ്ജന ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാലാണ് പള്ളി താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഏറനാട് തഹസില്‍ദാറെ റിസീവറാക്കി പള്ളി ഭരണം ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറം പന്തല്ലൂര്‍ മുടിക്കോട് ജമാഅത്തില്‍ കയറി ഇമാമിനേയും പ്രാര്‍ത്ഥനക്കെത്തിയവരേയും ആക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് പി.ഉദൈബുല്ല സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. അടച്ചിട്ടിരിക്കുന്ന പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 150 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ അധികാരത്തെ ചൊല്ലി 2014 ഡിസംബര്‍ 26നാണ് തര്‍ക്കമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒരു വിഭാഗം വഖഫ് ബോര്‍ഡിനെ സമീപിച്ചു. വഖഫ് ബോര്‍ഡ് നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പള്ളിയുടെ നടത്തിപ്പ് നിര്‍വഹിച്ചുവരികയായിരുന്നു. ഇതിനിടെ ഒരു പ്രകോപനവും കൂടാതെയാണ് കഴിഞ്ഞ ജൂലൈ 28 ന് പള്ളിയുടെ നടത്തിപ്പിനായി പിരിച്ച തുക തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഉബൈദുല്ല ചൂണ്ടിക്കാട്ടി. ജൂലൈ 31 ന് മഗ്‌രിബ് നമസ്‌കാരം നടക്കുന്ന സമയത്ത് പള്ളി ഇമാമിനെ മിഹ്‌റാബില്‍ വെച്ച് അക്രമികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പള്ളി ഇമാമിനെ മിഹ്‌റാബില്‍ വെച്ച് ആക്രമിക്കുന്നത്. സംഭവം കഴിഞ്ഞ് 9 ദിവസമായിട്ടും അക്രമികളെ പിടികൂടാന്‍ പൊലീസ് തയാറായിട്ടില്ല. അക്രമികളെ പിടികൂടുന്നതിന് മുമ്പ് തന്നെ ആര്‍.ഡി.ഒ ധൃതി പിടിച്ച് ഏകപക്ഷീയമായി പള്ളി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. പള്ളി നേരത്തെ തന്നെ അടച്ചു പൂട്ടാന്‍ ആസൂത്രിതമായി തീരുമാനിച്ചെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പള്ളിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായ നിലപാടായിരിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും ഉബൈദുള്ള കുറ്റപ്പെടുത്തി.