മലപ്പുറം: താനൂരില്‍ സ്വകാര്യബസിന് നേരെ രണ്ടുപേര്‍ നടത്തിയ ആക്രമണത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. താനൂര്‍ കൂട്ടായി റുട്ടിലോടുന്ന മിന്‍ഹാജ് ബസിന് നേരെയാണ് പുതിയ കടപ്പുറം നാസര്‍ പടിയില്‍ ആക്രമണമുണ്ടായിയത്. ബസിന്റെ മുന്‍വശത്തെയും വശങ്ങളിലെയും ചില്ല് തകര്‍ന്നു. ഡ്രൈവര്‍ ചീരാന്‍ കടപ്പുറം സ്വദേശി നിസാറിനും ഒരു യാത്രക്കാരിക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ പ്രതികളും താനൂര്‍ സ്വദേശികളുമായ ഫാരിസ്, അഫ്‌സല്‍ എന്നിവരെ താനൂര്‍ പൊലീസ് പിടികൂടി. പുതിയ കടപ്പുറം പെട്രോള്‍ പമ്പില്‍ ഇവരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ബസ് നിര്‍ത്തിയിടുന്ന സമയത്ത് പമ്പില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ഇതിന്റെ തുടര്‍ച്ചയായി രാവിലെ താനൂരില്‍നിന്ന് ബസ്സ് കൂട്ടായിയിലേക്ക് പോകുന്നതിനിടെ നാസര്‍ പടിയില്‍ സംഘം ബസ് തടഞ്ഞെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍, പിന്നീട് കൂട്ടായിയില്‍നിന്ന് തിരിച്ചു താനൂരിലേക്ക് പോകുമ്പോള്‍ വീണ്ടും തടഞ്ഞ് ആക്രമിക്കുക യായിരുന്നു. ഇരുവരും ചേര്‍ന്ന് തെറിവിളികളോടെ മുന്‍ഭാഗത്തെ ചില്ലുള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നു. ബസില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.