X

ഇസ്രാഈലിനെതിരായ ആക്രമണം: ഇറാന്‍ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും

ഇസ്രാഈലിനെ ആക്രമിക്കാനായി ഇറാന്‍ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും 110 ഭൂതല മിസൈലുകളുമെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നാണ് ഇതില്‍ ഭൂരിഭാഗവും വിക്ഷേപിച്ചത്. കൂടാതെ ഇറാഖില്‍ നിന്നും യെമനില്‍ നിന്നും ഏതാനും മിസൈലുകള്‍ വിക്ഷേപിച്ചു. ഇറാന്റെ ആക്രമണം അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നതായാണ് വിവരം.

പല മിസൈലുകളും അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, നിരവധി മിസൈലുകള്‍ ഇസ്രാഈലില്‍ പതിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെബനാനില്‍നിന്ന് ഹിസ്ബുള്ളയും ഇസ്രാഈലിലേക്ക് മിസൈലുകള്‍ അയച്ചു. ആക്രമണങ്ങളുടെ പശ്ചാത്താലത്തില്‍ ജോര്‍ദാന്‍, ഇറാഖ്, ലെബനാന്‍, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചു.

ഇസ്രാഈലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേര്‍ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രകടനം നടത്തി. ദേശീയ പാതകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. കൂടാതെ ഇറാഖിലും ജനം ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങി.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ വാരാന്ത്യ അവധി വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി. കൂടാതെ ആക്രമണം സംബന്ധിച്ച് അദ്ദേഹം ദേശീയ സുരക്ഷ സംഘവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഞായറാഴ്ച ജി 7 നേതാക്കളുടെ യോഗം വിളിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആക്രമണത്തില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.

മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വൈകീട്ട് നാലിന് യു.എന്‍ രക്ഷാസമിതിയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇസ്രാഈലിനെ പിന്തുണക്കുന്ന യു.എന്‍ നടപടിക്കെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്ന് അമേരിക്ക വിട്ടുനില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭയിലുള്ള ഇറാന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ശനിയാഴ്ചത്തെ ഇറാന്റെ ആക്രമണം. ഇതോടെ തങ്ങള്‍ വിഷയം അവസാനിപ്പിച്ചെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.

webdesk13: