Categories: indiaNews

അസമില്‍ കോണ്‍ഗ്രസ് എംപി റാഖിബുല്‍ ഹുസൈന് നേരെ ആക്രമണം; ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു

അസമില്‍ കോണ്‍ഗ്രസ് എംപി റാഖിബുല്‍ ഹുസൈന് ആക്രമണത്തില്‍ പരിക്കേറ്റു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ സ്‌കൂട്ടറില്‍ പോകുന്നതിനിടെ രൂപഹിഹാട്ടിലെ നാതുന്‍ ബസാറില്‍ വെച്ച് മുഖംമൂടി ധരിച്ച സംഘം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ എംപിയുടെ മകനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റു. അക്രമി സംഘം ക്രിക്കറ്റ് ബാറ്റ് കൊണ്ട് എംപിയുടെ തലക്കടിക്കുകയായിരുന്നു. എന്നാല്‍ ഹോല്‍മറ്റ് ധരിച്ചതിനാല്‍ കൂടുതല്‍ പരിക്കേറ്റിട്ടില്ല. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ റാഖിബുള്‍ ഹുസൈനെ ബാറ്റ് കൊണ്ട് അടിക്കുന്നത് വ്യക്തമായി കാണാം. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകി പറഞ്ഞു. ‘സംസ്ഥാനത്തെ ക്രമസമാധാനനില മികച്ചതാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഒരു എംപി പോലും തെരുവില്‍ സുരക്ഷിതനല്ല. എങ്ങനെയാണ് ഒരു എംപിയെ ഇങ്ങനെ അക്രമിക്കാന്‍ കഴിഞ്ഞത്, സമഗ്രമായ അന്വേഷണം വേണം’- ദേബബ്രത സൈകി വ്യക്തമാക്കി.

അതേസമയം എംപി സുരക്ഷിതനാണെന്ന് അസം ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹര്‍മീത് സിംഗ് പറഞ്ഞു. ധുബ്രി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് 10 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഹുസൈന്‍ വിജയിച്ചത്.

webdesk18:
whatsapp
line