X

ക്രിസ്ത്യന്‍ പള്ളിയിലെ ആക്രമണം; ഇസ്രാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറ്റലി

ഗസ്സ സിറ്റിയിലെ ക്രിസ്ത്യന്‍ പള്ളിക്കുനേരെയുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി ഇറ്റലി. വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ക്രിസ്ത്യന്‍ പള്ളിക്കുനേരെയുള്ള ആക്രമണം ഹമാസിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

”ഇസ്രാഈല്‍ സൈനികര്‍ ചര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തില്‍ 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്. ഇതും ഹമാസിനെതിരെയുള്ള യുദ്ധവും തമ്മില്‍ ഒരു ബന്ധവുമില്ല. ഭീകരവാദികള്‍ ക്രിസ്ത്യന്‍ പള്ളിക്കകത്തല്ല ഒളിവില്‍ കഴിയുന്നത്”-അന്റോണിയോ തജാനി വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തെ ഇറ്റാലിയന്‍ ഭരണകൂടം പിന്തുണയ്ക്കുന്നുണ്ട്. ഹമാസിനെതിരെ അന്റോണിയോ തജാനി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. നിരായുധരായ സിവിലിന്മാര്‍ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി തജാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇസ്രാഈലിന്റെ തിരിച്ചടിയും ആനുപാതികമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കുനേരെ ആക്രമണമുണ്ടാകരുതെന്നായിരുന്നു ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഗസ്സ സിറ്റിയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയുടെ മുറ്റത്ത് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ഗസ്സ സ്വദേശികളായ നഹീദ എന്ന വയോധികയും മകള്‍ സമറുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജറൂസലമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പുറത്തുവിട്ട വാര്‍ത്തയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടുക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

webdesk13: