മണിപ്പൂരിൽ കുക്കികളും സുരക്ഷാസേനയും തമ്മിൽ വീണ്ടും സംഘർഷം. ഒരു വാഹനത്തിന് പ്രതിഷേധക്കാർ തീവെക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ബസ് സർവീസുകൾ തുടങ്ങിയതിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടാവുന്നത്. ഇംഫാൽ-സേനാപതി റൂട്ടിലും, ഇംഫാൽ-ചുരചന്ദാപൂർ പാതയിലുമാണ് ബസ് സർവീസ് പുനരാരംഭിച്ചത്.
ഇതിൽ സംഘർഷത്തെ തുടർന്ന് ഇംഫാൽ-സേനാപതി റൂട്ടിലാണ് ബസിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ഈ റൂട്ടിലെ ബസ് സർവീസുകൾ നിർത്തിവെച്ചു. പ്രദേശത്ത് അക്രമികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ മുതലാണ് കുക്കി-മെയ്തേയ് മേഖലകളിൽ ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് തുടക്കമായത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഇത് തുടങ്ങിയത്. ഇതിനായി വലിയ മുന്നൊരുക്കമാണ് മണിപ്പൂർ പൊലീസ് നടത്തിയത്.
പ്രധാന റൂട്ടുകളിൽ ബി.എസ്.എഫിന്റേയും സി.ആർ.പി.എഫിന്റേയും സുരക്ഷയോടെയാണ് ബസ് സർവീസുകൾ തുടങ്ങിയത്. ഇംഫാലിൽ നിന്നും ചുരചന്ദാപൂരിലേക്കുള്ള ഹെലികോപ്ടർ സർവീസ് മാർച്ച് 12ന് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ എൻ.ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബസ് സർവീസ് തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യാത്ര ചെയ്യാൻ ഒരാൾ പോലും മുന്നോട്ട് വരാത്തതിനെ തുടർന്ന് സർവീസ് നിർത്തിവെക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് മെയ്തേയി ഭൂരിപക്ഷ മേഖലകളിൽ നിന്ന് കുക്കികളും കുക്കി ഭൂരിപക്ഷ മേഖലകളിൽ നിന്ന് മെയ്തേയികളും മാറിതാമസിച്ചിരുന്നു.