തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിട്ടു. പൊലിസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരേയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം അക്രമത്തിനു പിന്നില്‍ രാജാജിനഗര്‍ സ്വദേശിയായ തട്ടുകടക്കാരനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാളെ കേസിലെ രണ്ടാം പ്രതിയാക്കി ചോദ്യം ചെയ്യുകയും ചെയ്തു.
ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴും തട്ടുകടക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തട്ടുകടക്കാരന് ആക്രമണത്തില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ചു സ്ഥിരീകരിച്ചു. ഇതിനാല്‍ തന്നെ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പൊലിസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇയാള്‍ സി.പി.എം പ്രാദേശിക നേതാവിനെ ഫോണില്‍ വിളിച്ചത് നേതൃത്വത്തിന് തലവേദനയായിരുന്നു. എന്നാല്‍ തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിച്ചു. ഇതോടെയാണ് പിന്നില്‍ തട്ടുകടക്കാരന്‍ വഴി സി.പി.എം എന്ന ആക്ഷേപം ക്രൈംബ്രാഞ്ചും തള്ളിയത്. അതേസമയം സംഭവത്തില്‍ പ്രതിയാരെന്ന് ഇതുവരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല.