ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുും, ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ പള്ളികള്‍ നേരെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. സംഭലിലെ ഒരു പള്ളിയുടെ ചുരില്‍ ജയ് ശ്രീ റാം എന്നെഴുതിയതിന് പുറമെ ടാര്‍പോളിന്‍ കൊണ്ട് മൂടിയ മറ്റൊരു പള്ളിയില്‍ നിറം പൂശാനും ശ്രമമുണ്ടായി. സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്.
സംഭല്‍ ജില്ലയിലെ ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് ‘ജയ് ശ്രീറാം’ എഴുതിയതെന്നാണ് ആരോപണം. സംഭവത്തില്‍ വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവര്‍ക്കെതിരെ പള്ളി കമ്മിറ്റി ഹയാത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അലിഗഢ്, അബ്ദുള്‍ കരീം ചൗക്കിലെ അബ്ദുള്‍ കരീം മസ്ജിദിന് പുറത്താണ് ഹോളി ആഘോഷിക്കുന്നതിനിടെ, ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ചായം പൂശാന്‍ ശ്രമിച്ചത്. ഇതിന് പുറമെ മസ്ജിദിന് മുമ്പില്‍ നിന്ന് ജനക്കൂട്ടം പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹോളി ആഘോഷങ്ങള്‍ക്കും മുന്നോടിയായി സംഭലില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു ആരാധനാലയങ്ങളും ആഘോഷ മേഖലകളും നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കുകയും 100 പള്ളികളോളം ടാര്‍പോളിന്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു.
ഹോളി ആഘോഷങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ആഘോഷ വേളകളില്‍ പള്ളികളില്‍ നിറങ്ങളാവുന്നത് തടയാന്‍ മതനേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്.
ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.
ഷാജഹാന്‍പൂരിലെ ജൂട്ടാ മാര്‍ ഹോളി എന്ന ആഘോത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഘോഷയാത്ര നടത്താറുണ്ട്. ഇതിനിടയില്‍ പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി നിറം തെറിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ടാര്‍പോളിന്‍ കെട്ടുന്നതിലൂടെ നികത്താന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.