X

പാക് സര്‍വകലാശാലയില്‍ തീവ്രവാദി ആക്രമണം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

 

ലാഹോര്‍: പാക്കിസ്ഥാനിലെ കാര്‍ഷിക സര്‍വ്വകലാശാലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പെഷവാറിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ പൊലിസ് തലവന്‍ താഹിര്‍ ഖാന്‍ വ്യക്തമാക്കി. പൊലീസും, ആര്‍മിയും ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും തഹിര്‍ ഖാന്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ 16 പേരെ ഖൈബര്‍ ടീച്ചിംഗ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്.
താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്‍സിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് താലിബാന്‍ വക്താവ് മൊഹമ്മദ് ഖൊറാസാനി അറിയിച്ചു. തോക്കുധാരികള്‍ ഓട്ടോറിക്ഷയിലാണ് ക്യാമ്പസിലേയ്ക്ക് എത്തിയതെന്നും, നിരവധി സ്ത്രീകള്‍ ആ സമയം അവിടെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗാര്‍ഡിനെ വെടിവെച്ച് വീഴ്ത്തിയതിനു ശേഷമാണ് അക്രമികള്‍ ക്യാമ്പസിനുള്ളിലേയ്ക്ക് പ്രവേശിച്ചത്. രണ്ട് തീവ്രവാദികള്‍ ആണ് ആദ്യം ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിച്ചാണ് തീവ്രവാദികള്‍ ക്യാമ്പസിനുള്ളില്‍ കടന്നത്. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ശബദം കേട്ടയുടനെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. 400 പേരാണ് ഹോസ്റ്റലിലുള്ളത്. എന്നാല്‍ നബിദിനം ആയതിനാല്‍ 150 പേര്‍ മാത്രമാണ് അവശേഷിച്ചത്. ക്യാമ്പസില്‍ നിന്നു തീവ്രവാദികള്‍ പിന്‍വാങ്ങിയതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും സൈന്യം അറിയിച്ചു. 20 ഗ്രനേഡുകളും ക്യാമ്പസില്‍ നിന്നു കണ്ടെത്തി. തീവ്രവാദികളെ കൊലപ്പെടുത്തിയ ശേഷം ബോംബുകള്‍ നിര്‍വീര്യമാക്കി.
ഹോസ്റ്റല്‍ ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ എത്തിയത്. പാക്-അഫ്ഗാന്‍ അതിര്‍ത്തികളിലാണ് ഇവരുടെ കേന്ദ്രം. പൊലീസ് ഉദ്യോഗസ്ഥനും രണ്ട് പട്ടാളക്കാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

chandrika: