പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ കര്‍ക്കസണില്‍ ഭീകരാക്രമണം. സൂപ്പര്‍ മാര്‍ക്കറ്റിലും പുറത്തുമായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ ഭീകരന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആളുകളെ ബന്ധികളാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.
ഇന്നലെ രാവിലെ പതിനൊന്നോടെ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിലാണു രണ്ടു പേര്‍ കൊല്ലപ്പെട്ടത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തും മുന്‍പേ അക്രമി മറ്റൊരാളെ കൊലപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. കാര്‍ക്കസണില്‍ വെച്ചാണ് ആദ്യത്തെ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടയാളുടെ വാഹനം തട്ടിയെടുത്താണ് ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്.
വെടിക്കോപ്പുകളുമായാണ് ആക്രമി വ്യാപാര സ്ഥാപനത്തിലേക്ക് ഓടിക്കയറിത്. ആക്രോശം മുഴക്കിയതോടെ സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നവര്‍ ചിതറിയോടി. ഇതിനിടയിലാണ് എട്ട് പേരെ ബന്ദികളാക്കിയത്. വ്യാപാര സ്ഥാപനത്തിലെത്തിയ സുരക്ഷാ സൈന്യം അക്രമിക്ക് നേരെ വെടിവച്ചു. മൂന്നു മണിക്കൂര്‍ നേരം നീണ്ട വെടിവയ്പ്പിന് ശേഷമാണ് അക്രമിയെ കൊലപ്പെടുത്തിയതെന്ന് സുരക്ഷാ വിഭാഗം വക്താക്കള്‍ അറിയിച്ചു.
ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവാവാണ് അക്രമത്തിനു പിന്നിലെന്നും മേയര്‍ എറിക് മെനാസി അറിയിച്ചു. സംഭവത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയും വിശദീകരണം നല്‍കി. ഭീകരാക്രമണമാണ് നടന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
സംഭവത്തിന് അരമണിക്കൂര്‍ മുന്‍പു സമീപ നഗരമായ കാര്‍ക്കസണില്‍ നാലു പൊലീസുകാര്‍ക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഇതിനു പിന്നിലും സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമിയാണ്. രാവിലെ വ്യായാമത്തിനിടെയായിരുന്നു കാറിലെത്തിയ ഭീകരന്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തത്. ഒരാള്‍ക്കു ചുമലില്‍ വെടിയേറ്റു.
2015 ലെ പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ ഭീകരന്‍ സലാഹ് അബ്ദസ്‌ലാമിനെ വിട്ടയയ്ക്കണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അന്നത്തെ ഭീകരാക്രമണത്തില്‍ 130 പേരാണു കൊല്ലപ്പെട്ടത്.